പോളിഷ് നഗരമായ ഷ്‌സെസിനിൽ നടന്ന എട്ടാമത് ഇന്റർനാഷണൽ വീസ്‌ലാവ് മാനിയാക് മെമ്മോറിയൽ മീറ്റിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം അന്നു റാണിക്ക് സ്വർണം. 62.59 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് അന്നു റാണി സ്വർണം നേടിയത്.
ദേശീയ റെക്കോർഡ് ഉടമയായ ഈ 32-കാരി ഒരു വർഷത്തിലേറെയായി 60 മീറ്ററിന് മുകളിൽ ജാവലിൻ എറിഞ്ഞിട്ടില്ലായിരുന്നു. ഈ വിജയത്തോടെ നിന്ന് തിരിച്ചെത്താൻ അന്നു റാണിക്ക് സാധിച്ചു. ആദ്യ ശ്രമത്തിൽ 60.95 മീറ്ററും, രണ്ടാം ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 62.59 മീറ്ററും എറിഞ്ഞു. ആറാം ശ്രമത്തിൽ 60.07 മീറ്ററും അന്നു റാണി പിന്നിട്ടു. 2022-ൽ 63.82 മീറ്റർ എറിഞ്ഞ് റെക്കോർഡ് പ്രകടനം നടത്തിയതിന് ശേഷം അന്നു റാണിയുടെ മികച്ച പ്രകടനമാണിത്.
പാരീസ് ഒളിമ്പിക്സിൽ 55.81 മീറ്റർ മാത്രം എറിഞ്ഞ് ഫൈനലിൽ എത്താൻ കഴിയാതെ പോയ അന്നു റാണിക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. പോളണ്ടിൽ വെച്ച് നടന്ന മത്സരത്തിന് മുൻപ് ഈ സീസണിൽ 58.82 മീറ്റർ മാത്രമായിരുന്നു അന്നു റാണിയുടെ മികച്ച പ്രകടനം.
ടോക്കിയോയിൽ അടുത്ത മാസം നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന്റെ 64 മീറ്റർ ഓട്ടോമാറ്റിക് യോഗ്യതാ മാർക്ക് നേടാൻ അന്നു റാണിക്ക് കഴിഞ്ഞിട്ടില്ല.