ആന്ദ്ര ഡി ഗ്രാസ്!!! 200 മീറ്ററിൽ റിയോയിലെ വെള്ളി ടോക്കിയോയിൽ സ്വർണമാക്കി കനേഡിയൻ താരം!

അവസാനം വെള്ളി മെഡലുകൾക്കും വെങ്കല മെഡലുകൾക്കും അപ്പുറം ആന്ദ്ര ഡി ഗ്രാസ് ഒരു സ്വർണ മെഡൽ സ്വന്തം പേരിൽ കുറിച്ചു. പലപ്പോഴും ബോൾട്ടിനും മറ്റുള്ളവർക്കും മുന്നിൽ വീണു പോയ സ്വപ്നം പക്ഷെ ഇത്തവണ കനേഡിയൻ താരം വിട്ട് കൊടുത്തില്ല. എന്നും വലിയ മത്സരങ്ങളിൽ തിളങ്ങുന്ന താരം എന്ന പേരുള്ള കനേഡിയൻ താരം സീസണിൽ മികച്ച ഫോമിൽ അല്ലായിരുന്നു എങ്കിലും 100 മീറ്ററിൽ വെങ്കലം നേടിയാണ് 200 മീറ്ററിന് എത്തിയത്. 3 ശക്തമായ താരങ്ങളെ അണിനിരത്തിയ അമേരിക്കയെ പക്ഷെ ഡി ഗ്രാസ് മറികടക്കുക ആയിരുന്നു. അത്ര മികച്ച തുടക്കം ലഭിച്ചില്ല എങ്കിലും തന്റെ സ്വാഭാവിക ശൈലിയിൽ കത്തികയറിയ ഡി ഗ്രാസ് അവസാനം ഒരു ഒളിമ്പിക് സ്വർണം സ്വന്തം പേരിലാക്കി. റിയോയിൽ ബോൾട്ടിനു പിറകിൽ രണ്ടാമത് ആയി നേടിയ വെള്ളിയാണ് താരം ടോക്കിയോയിൽ സ്വർണം ആക്കിയത്.

1928 നു ശേഷം ഇത് ആദ്യമായാണ് ഒരു കനേഡിയൻ താരം 200 മീറ്ററിൽ ഒളിമ്പിക് സ്വർണം നേടുന്നത്. കനേഡിയൻ ദേശീയ റെക്കോർഡ് മറികടന്നു 19.62 സെക്കന്റിൽ 200 മീറ്റർ ഡി ഗ്രാസ് ഓട്ടം പൂർത്തിയാക്കിയത്. ഒരുപാട് പേർ സ്വർണം പ്രതീക്ഷിച്ച അമേരിക്കൻ താരം കെന്നി ബെഡ്നാറക് ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്. 19.68 സെക്കന്റ് ആണ് കെന്നി കുറിച്ച സമയം. വലിയ പ്രതീക്ഷയും ആയി എത്തിയ മറ്റൊരു അമേരിക്കൻ താരം നോഹ ലൈൽസ് 19.74 സെക്കന്റുകൾ കുറിച്ചു വെങ്കലം നേടി. അതേസമയം അടുത്ത ഉസൈൻ ബോൾട്ട് എന്നു പോലും പലരും വാഴ്ത്തുന്ന അമേരിക്കയുടെ 17 കാരൻ എരിയാൻ നൈറ്റൻ 19.93 സെക്കന്റുകൾ കുറിച്ചു നാലാമത് ആയി.