തായി സു യിംഗിനു മുന്നില്‍ അടിയറവ് പറയുന്നത് തുടര്‍ക്കഥയാക്കി സൈന നെഹ്‍വാല്‍. തായി സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടതോടെ ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ എന്ന സൈനയുടെ മോഹങ്ങള്‍ പൊലിയുകയായിരുന്നു. ഇത് തുടര്‍ച്ചയായ പത്താം തവണയാണ് സൈനയ്ക്ക് മേല്‍ തായി സു യിംഗ് ജയം നേടുന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണെങ്കിലും പൊരുതിയാണ് സൈന ഇന്നത്തെ മത്സരത്തില്‍ കീഴടങ്ങിയത്. പലപ്പോഴും പിന്നില്‍ നിന്ന് മികച്ച തിരിച്ചുവരവ് സൈന നടത്തിയെങ്കിലും തായ്‍വാന്‍ താരത്തിനെ മറികടക്കുവാന്‍ സൈനയ്ക്കായില്ല. 17-21, 14-21 എന്ന സ്കോറിനു പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനാല്‍ സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിയ്ക്കും.
തായി തന്നെയാണ് ആദ്യ ഗെയിമില്‍ ആധികാരികമായ തുടക്കം നേടിയത്. ഒരു ഘട്ടത്തില്‍ 5-1 ന്റെ ലീഡ് തായി നേടിയെങ്കിലും പിന്നില്‍ നിന്ന് പൊരുതി സൈന 8-8ല്‍ ഒപ്പം പിടിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് തായി സു യിംഗ് 11-10നു ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകളുമായി തായി 14-10ന്റെ ലീഡ് കൈവരിച്ചു. ലീഡ് കുറച്ച് 15-16ലേക്ക് സൈന തിരിച്ചുവരവ് നടത്തിയെങ്കിലും തായി ആദ്യ ഗെയിം 21-17നു സ്വന്തമാക്കി മത്സരത്തില്‍ ലീഡ് നേടി.
രണ്ടാം ഗെയിമിലും തായി തന്നെയാണ് മുന്‍തൂക്കം നേടിയത്. ആദ്യ ഗെയിമിലേതിനു സമാനമായി 5-1ന്റെ ലീഡ് തായി നേടിയെങ്കിലും പിന്നീട് തിരിച്ചുവരവ് നടത്തി സൈന 6-6 നു ഒപ്പം പിടിച്ചു. ഇടവേളയോട് അടുത്തപ്പോള്‍ ആദ്യ ഗെയിമിലേതു പോലെ 11-10ന്റെ ലീഡ് തായി സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം മത്സരത്തില്‍ ആദ്യമായി സൈന ലീഡ് നേടുന്നതും കാണികള്‍ക്ക് വീക്ഷിക്കാനായി. 14-13നു സൈനയുടെ ലീഡിനു ശേഷം തുടരെ എട്ട് പോയിന്റുകള്‍ സ്വന്തമാക്കി തായി ഏഷ്യന്‍ ഗെയിംസ് ഫൈനലിലേക്ക് യോഗ്യത നേടി.