2023ലെ ഏഷ്യൻ ഗെയിംസിന്റെ സെമി ഫൈനലിൽ ഇന്ത്യക്ക് വൻ വിജയം. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം എഷ്യൻ ഗെയിംസിൽ ഒരു മെഡൽ ഉറപ്പിച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിനെ വെറും 51 റൺസിന് ഇന്ത്യ ഓളൗട്ട് ആക്കിയിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രാക്കറുടെ നേതൃത്വത്തിലുള്ള ബൗളിംഗ് ആണ് ഇന്ത്യക്ക് കരുത്തായത്. 12 റൺസ് എടുത്ത നിഗർ സുൽത്താന മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കണ്ടത്.
ഇന്ത്യക്ക് ആയി ഷഫാലി വർമയും ജെമിമയും വിജയം എളുപ്പത്തിലാക്കി. ഷഫാലി 17 റൺസ് എടുത്തും സ്മൃതി 7 റൺസ് എടുത്തും പുറത്തായി. 20 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ജമീമ റോഡ്രിഗസ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 8.2 ഓവറിലേക്ക് ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ഒരു മെഡൽ നേടും എന്ന് ഉറപ്പായി.