പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ പ്രതീക്ഷയുമായി മലയാളി താരങ്ങൾ ഇന്നിറങ്ങും. കേരളക്കരയാകെ ഉറ്റുനോക്കുന്നത് അത്‍ലറ്റിക്സിലെ 1500 മീറ്ററില്‍ സ്വർണ പ്രതീക്ഷയായ പി യു ചിത്രയാണ്. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം താരം ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരമായ ജിന്‍സണ്‍ ജോണ്‍സനും ഇന്നിറങ്ങുന്നുണ്ട്. 800 മീറ്ററില്‍ നഷ്ടപ്പെടുത്തിയ സുവർണ നേട്ടം ഇത്തവണ സ്വന്തമാക്കുമെന്ന ആത്മ വിശ്വാസവുമായിട്ടാണ് ജിൻസൺ ഇന്നിറങ്ങുക.
ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ ഇന്ത്യയ്ക്കായി ഡബിള്‍ നേടിയ മന്‍ജിത്ത് സിംഗും ജിന്‍സണ്‍ ജോണ്‍സണും വീണ്ടുമൊരു ഡബിൾ പ്രതീക്ഷയാണുയർത്തുന്നത്. മന്‍ജിത്തിനെക്കാള്‍ മികച്ച സമയത്തിലാണ് മലയാളി താരം ജിന്‍സണ്‍ തന്റെ റേസ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഹീറ്റ്സില്‍ രണ്ടാം സ്ഥാനക്കാരനായപ്പോള്‍ താരം 3:46:50 എന്ന സമയമാണ് കണ്ടെത്തിയത്. മന്‍ജിത്തിന്റെ സമയം 3:50:59 ആണ്.
ഇന്ത്യയുടെ പുരുഷ വിഭാഗം 4×400 റിലേ ടീം ഫൈനലിൽ കടന്നിരുന്നു. രണ്ടാം ഹീറ്റ്സില്‍ 3:06:48 മിനുട്ടില്‍ റേസ് പൂര്‍ത്തിയാക്കി ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് ഹീറ്റ്സില്‍ നിന്ന് ഫൈനലിലേക്ക് കടന്നത്. കുഞ്ഞു മുഹമ്മദ്, ജീവന്‍ സുരേഷ്, ജിത്തു ബേബി, ധരുണ്‍ അയ്യാസാമി എന്നിവരാണ് ടീമിലെ അംഗങ്ങള്‍.
ഹോക്കിയിൽ മലയാളി താരം പി ആര്‍ ശ്രീജേഷ് നയിക്കുന്ന ഇന്ത്യ മലേഷ്യയെ നേരിടും. ഏവരും കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ സ്വപ്ന ഫൈനൽ നടക്കുമോയെന്ന് എന്നറിയാൻ സാധിക്കും.