ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളെ ഇന്നറിയാം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നിർണയത്തിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. മൊണാകോയിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. നാല് പോട്ടുകൾ ആക്കിയാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. ഇതിൽ നിന്നാണ് ഓരോ ഗ്രൂപിലേക്കും ടീമിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക.

32 ടീമുകളാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അടക്കം പ്രമുഖ ടീമുകൾ എല്ലാം പോട്ട് 1ലാണ്. യൂറോപ്പിലെ മികച്ച ആറ് ലീഗുകളിലെ ചാമ്പ്യന്മാരും കഴിഞ്ഞ തവണത്തെ യൂറോപ്പ ലീഗ് വിജയികളായ അത്ലറ്റികോ മാഡ്രിഡുമാണ് പോട്ട് 1ലെ ബാക്കി ടീമുകൾ.

ഇത് പ്രകാരം സ്പെയിനിൽ നിന്നുള്ള മൂന്ന് ടീമുകൾ പോട്ട് 1ൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ജേതാക്കളായ റയൽ മാഡ്രിഡ്, യൂറോപ്പ ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡ്, ലാ ലീഗ ജേതാക്കളായ ബാഴ്‌സലോണ എന്നിവരാണ് പോട്ട് 1ൽ ഇടം പിടിച്ച സ്പാനിഷ് ടീമുകൾ. കഴിഞ്ഞ 5 സീസണിലെ യൂറോപ്യൻ ക്ലബ് ടൂർണമെന്റുകളിൽ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ബാക്കി 3 പോട്ടുകളിലെ ടീമുകളെ നിർണയിച്ചിരിക്കുന്നത്‌. പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി പോട്ട് 1ലും ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും പോട്ട് 2ലും ലിവർപൂൾ പോട്ട് 3ലുമാണ്.

സെപ്റ്റംബർ 18,19 തിയ്യതികളിലാണ് ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കുക. അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഡിസംബർ 11,12 തിയ്യതികളിൽ നടക്കും. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വണ്ട മെട്രൊപോളിറ്റണോയിൽ വെച് ജൂൺ 1ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ പോയിന്റ് നിലയിൽ ആദ്യ 2 സ്ഥാനത്ത് എത്തുന്ന 16 ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടും.

ഈ ചടങ്ങിൽ തന്നെയാണ് യൂറോപ്പിലെ മികച്ച താരത്തെ കണ്ടെത്താനുള്ള അവാർഡും പ്രഖ്യാപിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലുക്കാ മോഡ്രിച്ചും മുഹമ്മദ് സലയുമാണ് അവാർഡിനായി രംഗത്തുള്ളത്.