ഏഷ്യൻ ഗെയിംസിലെ പുരുഷ ഫുട്ബോൾ ഫൈനൽ ഇന്ന് നടക്കും. ടോട്ടൻഹാം താരം സുൺ ഹുങ് മിനിന്റെ നേതൃത്വത്തിൽ ഉള്ള കൊറിയയും ജപ്പാന്റെ അണ്ടർ 21 ടീമുമാണ് ഇന്ന് ഫൈനലിൽ നേർക്കുനേർ വരുന്നത്. അടുത്ത ഒളിമ്പിക്സ് ലക്ഷ്യം വെച്ചാണ് ഈ ഏഷ്യൻ ഗെയിംസിന് അണ്ടർ 21 ടീമിനെ ജപ്പാൻ അയച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്ന് പതറിയെങ്കിലും ജപ്പാന്റെ യുവനിര പിന്നീട് കത്തികയറുക ആയിരുന്നു.
ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അറേബ്യയെ ആണ് ജപ്പാൻ തോൽപ്പിച്ചത്. സെമിയിൽ എതിരില്ലാത്ത ഒരു ഗോളിന് യു എ ഇയെയും തോൽപ്പിച്ചു. ഇതുവരെ ഏഷ്യൻ ഗെയിംസിൽ നാലു ഗോളുകൾ അടിച്ച യുതോ ഇവാസാകിയിലാണ് ജപ്പാന്റെ ഇന്നത്തെ പ്രതീക്ഷ.
ക്വാർട്ടറിൽ ഉസ്ബെകിസ്ഥാനെയുൻ സെമിയിൽ വിയറ്റ്നാമിനെയുമാണ് കൊറിയ തോല്പ്പിച്ചത്. ഗോൾ ഒന്നേ അടിച്ചുള്ളൂ എങ്കിലും സുൺ ഹുങ് മിനിന്റെ സാന്നിദ്ധ്യം ആണ് കൊറിയക്ക് കരുത്തേകുന്നത്. ഇതുവരെ ടൂർണമെന്റിൽ 9 ഗോളുകൾ അടിച്ച ഹ്വാങ് ഉയി ജോയും കൊറിയൻ പ്രതീക്ഷയായുണ്ട്.