2 മണിക്കൂറിൽ മാരത്തോൺ പൂർത്തിയാക്കി എലിഡ് കിപ്ചോങ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

മനുഷ്യന് മുന്നിൽ മനുഷ്യന്റെ പ്രയത്നത്തിനു മുന്നിൽ ഒന്നും ബാക്കിയാവില്ലെന്നു ഒരിക്കൽ കൂടി തെളിഞ്ഞു. ഇത് വരെ ആസാധ്യമാണെന്നു കരുതിയ ചരിത്രനേട്ടം ആണ് കെനിയയുടെ 35 കാരൻ ആയ അത്ലറ്റ് എലിഡ് കിപ്ചോങ് സ്വന്തമാക്കിയത്. വെറും 2 മണിക്കൂറിനുള്ളിൽ മാരത്തോൺ പൂർത്തിയാക്കുന്ന ആദ്യമനുഷ്യൻ ആയി മാറി 2016 ലെ ഒളിമ്പിക് സുവർണ മെഡൽ ജേതാവ് കൂടിയായ ഇതിഹാസതാരം. എന്നാൽ വിയന്നയിൽ നടന്ന മാരത്തോൺ മത്സരത്തിനു ഔദ്യോഗിക അംഗീകാരം ലോക അത്ലറ്റിക് ഫെഡറേഷൻ നൽകില്ല എന്നാണ് സൂചനകൾ.

ഓട്ടത്തിനു മുമ്പേ ട്രാക്കിലെ ഘടകങ്ങൾ ഓട്ടക്കാർക്ക് സാധാരണ മാരത്തോൺ ഓട്ടങ്ങളെക്കാൾ അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും എന്ന വിവാദം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കിപ്ചോങിന്റെ ചരിത്രനേട്ടത്തിന്റെ മഹത്വം കുറക്കുന്നില്ല. രണ്ട് മണിക്കൂർ അവസാനിക്കാൻ 20 സെക്കന്റുകൾക്ക് ഉള്ളിൽ ഓട്ടം പൂർത്തിയാക്കിയ കിപ്ചോങ് ഓട്ടത്തെ അക്ഷരാർത്ഥത്തിൽ ഒരു സ്പ്രിന്റ് ആയി മാറ്റി. ഓരോ 100 മീറ്ററും 17 സെക്കന്റുകൾ കൊണ്ട് പൂർത്തിയാക്കിയ താരം തുടർച്ചയായി 422 തവണയാണ് ഈ വേഗത തുടർന്നത് എന്നറിയുമ്പോൾ ആണ് നേട്ടത്തിന്റെ വലുപ്പം എത്രത്തോളം എന്നറിയുക.

ചരിത്രനേട്ടത്തിന് ശേഷം അസാധ്യമായ ഒന്നും ഇല്ലെന്നു ലോകത്തിനു മറ്റ് മനുഷ്യർക്ക്‌ കാണിക്കാൻ ആണ് താൻ ഓട്ടം തുടരുന്നത് എന്നു പറഞ്ഞ കിപ്ചോങ്, മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിനോട് ആണ് ഐതിഹാസിക നേട്ടത്തെ താരതമ്യം ചെയ്തത്. ലോക അത്ലറ്റിക് ഫെഡറേഷൻ ഈ നേട്ടം അംഗീകരിച്ചാലും ഇല്ലെങ്കിലും മാരത്തോണിലെ എക്കാലത്തെയും മികച്ച സമയം കിപ്ചോങിന്റെ പേരിൽ തന്നെയാണ്. ദീർഘദൂര ഓട്ടത്തിൽ മൊ ഫറ തുടങ്ങിയ താരങ്ങൾക്ക് ഒപ്പം സ്ഥാനമുള്ള ഇതിഹാസതാരം ആണ് കിപ്ചോങ്. കിപ്ചോങ് ആണോ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അത്ലറ്റ് എന്ന വലിയ ചോദ്യം തന്നെയാവും ഈ ചരിത്രനേട്ടം ഉയർത്തുക.