സ്‌പോർട്‌സ്‌സ്‌മൻഷിപ്പ് കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഇന്ത്യൻ ജാവലിൽ ത്രോ താരം നീരജ് ചോപ്ര. പാരീസ് 2024 ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര, സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകൻ ആകേണ്ടതായിരുന്നു. ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റി നീരജിനെ ആയിരുന്നു പതാകയേന്താൻ പരിഗണിച്ചിരുന്നത്. എന്നാൽ നീരജ് അത് ശ്രീജേഷിന് കൈമാറാൻ ആവശ്യപ്പെട്ടു എന്ന് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ പറഞ്ഞു.
ടീം ഇന്ത്യക്ക് വേണ്ടിയുള്ള തൻ്റെ അവസാന മത്സരത്തിൽ വെങ്കലം നേടിയ വെറ്ററൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷിൻ്റെ പേര് നീരജ് വിനയപൂർവ്വം നിർദ്ദേശിക്കുക ആയിരുന്നു. “നിങ്ങൾ എന്നോട് ചോദിച്ചില്ലെങ്കിലും, ഞാൻ ശ്രീഭായിയുടെ പേര് നിർദ്ദേശിക്കുമായിരുന്നു,” നീരജ് ഐഒഎ പ്രസിഡൻ്റ് പി ടി ഉഷയോട് പറഞ്ഞു. ശ്രീജേഷിൻ്റെ മഹത്തായ കരിയറിനോടും ഇന്ത്യൻ കായികരംഗത്തെ അദ്ദേഹത്തിന്റെ സ്വാധീനത്തോടുമുള്ള ആഴമായ ബഹുമാനം ആണ് നീരജ് ഇതിലൂടെ പ്രതിഫലിപ്പിച്ചത്.
ശ്രീജേഷും മനു ഭാകറും ആകും ഇന്ത്യയെ സമാപന ചടങ്ങിൽ നയിക്കുക.