പാരീസ് ഒളിമ്പിക്സിൽ ഷോട്ട് പുട്ടിൽ സ്വർണം നേടി അമേരിക്കൻ താരം റയാൻ ക്രോസർ. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം ഷോട്ട് പുട്ടിൽ സ്വർണം നേടുന്നത്. തന്റെ മൂന്നാം ശ്രമത്തിൽ 22.90 മീറ്റർ എറിഞ്ഞ റയാൻ സ്വർണം ഉറപ്പാക്കുക ആയിരുന്നു. അതേസമയം അമേരിക്കയുടെ തന്നെ ജോ കോവാക്സ് ഈ ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. അവസാന ശ്രമത്തിൽ എറിഞ്ഞ 22.15 മീറ്റർ ദൂരമാണ് താരത്തിന് വെള്ളി നേടി നൽകിയത്.
തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം വെള്ളി മെഡൽ നേടുന്നത്. 22.15 മീറ്റർ തന്നെ എറിഞ്ഞ ജമൈക്കയുടെ രജിന്ത്ര കാംപൽ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. ഒരേ ദൂരമാണ് എറിഞ്ഞത് എങ്കിലും മികച്ച രണ്ടാമത്തെ ദൂരമാണ് അമേരിക്കൻ താരത്തിന് വെള്ളി മെഡൽ നൽകിയത്. അതേസമയം 4×400 മീറ്റർ മിക്‌സഡ് റിലെയിൽ ഹോളണ്ട് സ്വർണം നേടി. ഹീറ്റ്സിൽ ലോക റെക്കോർഡ് കുറിച്ച അമേരിക്കൻ ടീമിനെ 3 മിനിറ്റ് 7.43 സെക്കന്റിൽ റിലെ പൂർത്തിയാക്കിയാണ് ഡച്ച് ടീം സ്വർണം നേടിയത്. 3 മിനിറ്റ് 7.74 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ അമേരിക്കക്ക് വെള്ളി മെഡൽ മാത്രമാണ് നേടാൻ ആയത്. 3 മിനിറ്റ് 8.01 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ ബ്രിട്ടൻ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.