2024-ലെ പാരീസ് പാരാലിമ്പിക്‌സിൻ്റെ ഇന്ത്യയുടെ പതാകവാഹകരായി ഭാഗ്യശ്രീ ജാദവും സുമിത് ആൻ്റിലും തിരഞ്ഞെടുക്കപ്പെട്ടു. 84 അത്‌ലറ്റുകളുടെ രാജ്യത്തിൻ്റെ സംഘത്തെ ഇവർ ആകും നയിക്കുക. ഓഗസ്റ്റ് 28നാണ് പാരാലിമ്പിക്സ് ആരംഭിക്കുന്നത്.
മഹാരാഷ്ട്രയിൽ നിന്നുള്ള ഭാഗ്യശ്രീ ജാദവ് അന്താരാഷ്ട്ര വേദിയിൽ സ്ഥിരതയാർന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ ഷോട്ട്പുട്ട് എഫ് 34 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അവർ ടോക്കിയോ പാരാലിമ്പിക്സിൽ ഏഴാം സ്ഥാനത്തെത്തിയിരുന്നു.
ജാവലിൻ താരം പാരാ അത്‌ലറ്റ് സുമിത് ആൻ്റിലാണ് എഫ്64 വിഭാഗത്തിൽ ലോക റെക്കോർഡ് ഉടമ. 2020ലെ ടോക്കിയോ പാരാലിമ്പിക്സിൽ 68.55 മീറ്റർ എറിഞ്ഞ് ലോക റെക്കോർഡോടെ സ്വർണമെഡൽ ഉറപ്പിച്ചു. 2023ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മറ്റൊരു സ്വർണവുമായി ആൻ്റിൽ തൻ്റെ ആധിപത്യം തുടർന്നു, 2022ലെ ഏഷ്യൻ പാരാ ഗെയിംസിൽ 73.29 മീറ്റർ എന്ന പുതിയ ലോക റെക്കോർഡ് അദ്ദേഹം സ്ഥാപിച്ചിരുന്നു.
ടോക്കിയോയിൽ 19 മെഡലുകൾ നേടിയ ഇന്ത്യ പാരീസിൽ അതു മറികടക്കാൻ ആകും ശ്രമിക്കുക.