ടോക്കിയോ ഒളിമ്പിക്സിനു വീണ്ടും വീണ്ടും വെല്ലുവിളികൾ ഉയർത്തി കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആദ്യമായി ആണ് ഒരു ഒളിമ്പിക്സ് സന്നദ്ധപ്രവർത്തകന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഒളിമ്പിക്സിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന സംഘാടനത്തിലെ ജീവൻ ആയ വളണ്ടിയർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് പുതിയ വെല്ലുവിളി ആവും ഒളിമ്പിക്സ് അധികൃതർക്ക്. ഇത് കൂടാതെ 7 ഒളിമ്പിക് അനുബന്ധ ജോലികളിൽ ഏർപ്പെടുന്ന ആളുകൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ജോലികളിൽ ഏർപ്പെടുന്ന 36 പേർക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്.
ഇത് കൂടാതെ 5 കായികതാരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ചെക് വോളിബോൾ താരം, അമേരിക്കൻ ജിംനാസ്റ്റ്, 2 ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരങ്ങൾ അടക്കം ഒളിമ്പിക്സും ആയി ബന്ധപ്പെട്ട കോവിഡ് കേസുകൾ ഇതോടെ 67 ആയി. ഈ മാസം 23 നു കാണികൾ ഇല്ലാതെയാണ് ഒളിമ്പിക്സിനു തുടക്കമാവുക. എന്നാലും ഇതിനകം തന്നെ ഉയരുന്ന കോവിഡ് കേസുകൾ വലിയ വെല്ലുവിളി തന്നെയാവും ടോക്കിയോ ഒളിമ്പിക് അധികൃതർക്ക് മേൽ ഉണ്ടാക്കുക. ഇതിനകം തന്നെ കോവിഡ് കാരണം നിരവധി കായിക താരങ്ങൾ ഒളിമ്പിക്സിൽ നിന്നു പിന്മാറുകയും ചെയ്തിട്ടുണ്ട്.