ഒളിമ്പിക്‌സിൽ അഞ്ചാം ദിനം അവസാനിക്കുമ്പോൾ മെഡൽ നിലയിൽ ഒന്നാമത് തുടർന്ന് ആതിഥേയരായ ജപ്പാൻ. ഇന്ന് നീന്തൽ കുളത്തിൽ നിന്നടക്കം മൊത്തം മൂന്നു സ്വർണം കൂടി ചേർത്ത അവർ നിലവിൽ 13 സ്വർണവും 4 വെള്ളിയും 5 വെങ്കലവുമായി 22 മെഡലുകളും ആയി മെഡൽ നിലയിൽ ഒന്നാം സ്ഥാനത്ത് ആണ്. അതേസമയം തങ്ങളുടെ പ്രധാന ഇണങ്ങളായ ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ, ഡൈവിങ് തുടങ്ങി പലതിലും വലിയ തിരിച്ചടി നേരിട്ടെങ്കിലും മൂന്നു സ്വർണം കൂടി കൂട്ടിച്ചേർത്തു 12 സ്വർണവും 6 വെള്ളിയും 9 വെങ്കലവുമായി 27 മെഡലുകളും ആയി ചൈന ജപ്പാന് തൊട്ടു പിറകിലുണ്ട്.
അതേസമയം നീന്തൽ കുളത്തിൽ ഉറപ്പിച്ച പല മെഡലുകളും നേടാൻ സാധിക്കാതെ കടുത്ത തിരിച്ചടി നേരിട്ട അമേരിക്കക്ക് ഇന്ന് രണ്ടു സ്വർണം ആണ് നേടാൻ ആയത്. 11 വീതം സ്വർണം,വെള്ളി എന്നിവക്ക് ഒപ്പം 9 വെങ്കലവുമായി 31 മെഡലുകൾ ആണ് മൂന്നാമതുള്ള അമേരിക്കക്ക് സ്വന്തം. 7 സ്വർണം അടക്കം 23 മെഡലുകളും ആയി റഷ്യൻ ഒളിമ്പിക് കമ്മിറ്റി നാലാമത് നിൽക്കുമ്പോൾ എപ്പോഴത്തെയും പോലെ നീന്തലിൽ കരുത്തു കാട്ടിയ ഓസ്‌ട്രേലിയ 6 സ്വർണം അടക്കം 16 മെഡലുകളുമായി അഞ്ചാം സ്ഥാനത്ത് ആണ്. അതേസമയം നീന്തൽ കുളത്തിൽ നൂറ്റാണ്ടിലെ മികച്ച പ്രകടനം പുറത്ത് എടുക്കുന്ന ഗ്രെയിറ്റ് ബ്രിട്ടൻ ആണ് 5 സ്വർണം അടക്കം 16 മെഡലുകളും ആയി ആറാം സ്ഥാനത്ത് നിൽക്കുന്നത്. ആദ്യ ദിനത്തെ വെള്ളി മെഡൽ മാത്രം കൂട്ടുള്ള ഇന്ത്യ നിലവിൽ 43 മത്തെ സ്ഥാനത്ത് ആണ്.