പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലിനായുള്ള കാത്തിരിപ്പ് തുടരും. ബോക്സർ നിശാന്ത് ദേവ് ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ ഒരു മെഡൽ കൂടെ ഇന്ത്യക്ക് കയ്യെത്തും ദൂരത്തിൽ നഷ്ടമായി. 71 കിലോഗ്രാം വിഭാഗത്തിൽ പുരുഷ ബോക്സിംഗിൽ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങിയ നിശാന്ത് ദേവ് രണ്ടാം സീഡായ വെർദെ ആൽവരസിനോട് ആണ് സ്പ്ലിറ്റ് ഡിസിഷനിൽ പരാജയപ്പെട്ടത്.
മെക്സിക്കൻ താരത്തിന് എതിരെ വേഗതയാർന്ന തുടക്കമാണ് നിശാന്ത് നടത്തിയത്. ആദ്യ റൗണ്ടിൽ നിശാന്ത് 4-1ന്റെ അനുകൂല കാർഡ് നേടി. രണ്ടാം റൗണ്ടിൽ ഡിഫൻസിലേക്ക് നീങ്ങിയ നിശാന്തിന് തിരിച്ചടിയായി. 3-2ന് മെക്സിക്കൻ താരം രണ്ടാം റൗണ്ട് നേടി എങ്കിലും നിശാന്ത് പ്രതീക്ഷ കാത്തു. അവസാനം വിധി വന്നപ്പോൾ നിശാന്ത് പരാജയപ്പെട്ടു.
23കാരനായ നിശാന്ത് ദേവ് മുമ്പ് ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻ്റിൽ നടന്ന IBA പുരുഷന്മാരുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 71 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. താരത്തിന്റെ ആദ്യ ഒളിമ്പിക്സ് ആണ് ഇത്.