സാക്ഷാൽ മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി അമേരിക്കൻ നീന്തൽ താരം കാത്തലീൻ ‘കേറ്റി’ ലെഡകി. ഇന്ന് വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റെയിൽ നീന്തലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസിനെ മറികടന്നു സ്വർണം നേടിയ ലെഡകി തുടർച്ചയായ നാലാം ഒളിമ്പിക്സിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. 8 മിനിറ്റ് 11.04 എന്ന സമയം ആണ് ലെഡകി ഇന്ന് കുറിച്ചത്.
ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു വ്യക്തിഗത ഇനത്തിൽ നാലു തവണ ഒളിമ്പിക് സ്വർണം നേടാൻ മൈക്കിൾ ഫെൽപ്സിന് മാത്രമെ ആയിട്ടുള്ളു. പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ ആണ് ഫെൽപ്സ് തുടർച്ചയായ നാലു ഒളിമ്പിക്സുകളിൽ സ്വർണം നേടിയത്. ഇത് കൂടാതെ തന്റെ ഒമ്പതാം ഒളിമ്പിക് സ്വർണം ആണ് ലെഡകി ഇന്ന് നീന്തിയെടുത്തത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടുന്ന അമേരിക്കൻ വനിത താരം എന്ന റെക്കോർഡും ലെഡകി സ്വന്തമാക്കി.