പാരീസ് ഒളിമ്പിക്സിൽ തന്നെ തോൽപ്പിച്ച ഇമാനെ ഖലീഫിനോട് താൻ നടത്തിയ മോശം പെരുമാറ്റത്തിനു താരത്തോട് മാപ്പ് പറഞ്ഞു ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കരീനി. 46 സെക്കന്റുകൾക്ക് ഉള്ളിൽ മത്സരത്തിൽ നിന്നു പിന്മാറിയ കരീനി ഇമാനെക്ക് കൈ കൊടുക്കാൻ അടക്കം വിസമ്മതിച്ചിരുന്നു. തുടർന്ന് താരം നടത്തിയ പരാമർശങ്ങൾക്ക് ശേഷം രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണം ആണ് ഇമാനെ നേരിട്ടത്. നിലവിലെ വിവാദങ്ങൾ തന്നെ വേദനിപ്പിക്കുന്നത് ആയി പറഞ്ഞ ഇറ്റാലിയൻ താരം തന്റെ എതിരാളിയോട് മാപ്പ് പറയുന്നത് ആയും പറഞ്ഞു.
ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്. ഒളിമ്പിക് അസോസിയേഷൻ തീരുമാനം താൻ അംഗീകരിക്കുന്നത് ആയി പറഞ്ഞ കരീനി ഇമാനെ മത്സര ശേഷം അവഗണിച്ചതിൽ ദുഃഖം രേഖപ്പെടുത്തി. താൻ അപ്പോഴത്തെ ദേഷ്യത്തിൽ ആണ് ഇമാനെക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് എന്നു പറഞ്ഞ ഇറ്റാലിയൻ ബോക്‌സർ ഇമാനെയോടും എല്ലാവരോടും താൻ മാപ്പ് പറയുകയാണ് എന്നും കൂട്ടിച്ചേർത്തു. ഇനി ഒരിക്കൽ താൻ ഇമാനെയെ കാണുക ആണെങ്കിൽ താൻ അൾജീരിയൻ ബോക്സറെ കെട്ടിപിടിക്കും എന്നും കരീനി കൂട്ടിച്ചേർത്തു.