കൊറോണ വൈറസ് മൂലം 2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് നടത്താൻ എന്തെങ്കിലും തടസം നേരിടുന്നു എങ്കിൽ നടത്താൻ ലണ്ടൻ തയ്യാർ ആണെന്ന് ലണ്ടൻ മേയർ സാദിഖ് അലി ഖാന്റെ സഹായി വ്യക്തമാക്കി. എല്ലാവരും ടോക്കിയോ ഒളിമ്പിക്സിന് ഒരുങ്ങുക ആണെന്ന് പറഞ്ഞ അദ്ദേഹം എന്തെങ്കിലും കാരണവശാൽ ഗെയിംസിന് തടസം നേരിട്ടാൽ ലണ്ടൻ എന്നത്തേയും പോലെ എന്തും നേരിടാൻ തയ്യാർ ആണെന്ന് വ്യക്തമാക്കി. സമീപകാലത്ത് 2012 ലെ ഒളിമ്പിക്‌സ് വിജയകരമായി നടത്തിയ പരിചയവും ലണ്ടന് മുതൽക്കൂട്ടായി ഉണ്ട്. അതേസമയം വിചാരിച്ച പോലെ ഒളിമ്പിക്‌സ് ടോക്കിയോയിൽ നടക്കും എന്ന പ്രതീക്ഷയിൽ തന്നെയാണ് അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷൻ. കൊറോണ വൈറസ് കാരണം ചൈനീസ് ഗ്രാന്റ് പ്രീ, ടോക്കിയോ മാരത്തോൺ തുടങ്ങിയ പലതും മാറ്റി വച്ചിരുന്നു.
നിലവിൽ ജപ്പാനിലും കൊറോണ മൂലം മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഏഷ്യയിൽ പലയിടത്തും കൊറോണക്ക് എതിരെ വലിയ മുന്നറിയിപ്പ് നിലനിൽക്കുന്നത് ആണ് ഒളിമ്പിക്‌സ് നടത്തിപ്പിനെ കുറിച്ച് ആശങ്ക ഉയരാൻ കാരണം. എന്തെങ്കിലും സാഹചര്യത്തിൽ ഒളിമ്പിക്‌സ് നടത്തേണ്ടി വന്നാൽ നടത്താൻ വേണ്ട എല്ലാ സൗകര്യങ്ങളും ലണ്ടനിൽ ഉണ്ടെന്നു മുൻ കായിക മന്ത്രി ആയ ട്രാസി ക്രോച്ചും വ്യക്തമാക്കി. ലണ്ടൻ എന്തിനും സജ്ജമാകണം എന്നു ആവശ്യപ്പെട്ട കൺസർവേറ്റീവ് മേയർ സ്ഥാനാർഥി ഷോൺ ബെയ്ലി വിന്റർ, സമ്മർ ഒളിമ്പിക്‌സുകൾക്ക് ആതിഥ്യം വഹിക്കേണ്ടി വന്നാലും ലണ്ടൻ ഒരുങ്ങി ഇരിക്കണം എന്നും ആവശ്യപ്പെട്ടു. മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും മികച്ച ഒളിമ്പിക്‌സ് താൻ ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആശങ്കകൾ വെറുതെ ആവും എന്ന പ്രതീക്ഷയിൽ ആണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ടോക്കിയോ അധികൃതരും.