പോൾവോൾട്ടിൽ തന്റെ ഇതിഹാസ പദവി ഒരിക്കൽ കൂടി ഉറപ്പിച്ചു അർമാൻഡ് ഡുപ്ലാന്റിസ്. 2020 ലെ സ്വർണ മെഡൽ ജേതാവ് ആയ സ്വീഡിഷ് താരം പുതിയ ലോക റെക്കോർഡ് കുറിച്ചാണ് സ്വർണം സ്വന്തം പേരിലാക്കിയത്. ലോക റെക്കോർഡ് തിരുത്തുന്നത് ശീലമാക്കിയ തന്നോട് തന്നെ മത്സരിക്കാൻ ഇറങ്ങിയ ഡുപ്ലാന്റിസ് 6.25 മീറ്റർ എന്ന ഉയരം ആണ് ഇത്തവണ മറികടന്നത്. 5.95 മീറ്റർ ചാടി വെള്ളിമെഡൽ നേടിയ അമേരിക്കയുടെ സാം കേൻഡ്രിക്സ് 6 മീറ്റർ താണ്ടാൽ പരാജയപ്പെട്ടപ്പോൾ ഡുപ്ലാന്റിസ് സ്വർണം ഉറപ്പിച്ചു. തുടർന്ന് 6 മീറ്റർ 6.10 മീറ്റർ എന്നിവ ആദ്യ ശ്രമത്തിൽ മറികടന്ന താരം 6.25 മീറ്റർ ചാടാൻ ആണ് ശ്രമിച്ചത്. തന്റെ ആദ്യ 2 ശ്രമങ്ങൾ പരാജയപ്പെട്ട ശേഷം മൂന്നാം ശ്രമത്തിൽ 6.25 മീറ്റർ ചാടി താരം പുതിയ ലോക റെക്കോർഡ് കുറിക്കുക ആയിരുന്നു. 5.90 മീറ്റർ ചാടിയ ഗ്രീക്ക് താരം കരാലിസ് ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്.
അത്‌ലറ്റിക്സിലെ മറ്റു ഫൈനലുകളിൽ വനിതകളുടെ ഡിസ്കസ് ത്രോയിൽ 69.50 മീറ്റർ എറിഞ്ഞ അമേരിക്കൻ താരം വലരി ആൽമൻ സ്വർണം നേടിയപ്പോൾ 67.51 മീറ്റർ എറിഞ്ഞ ചൈനയുടെ ഫെങ് ബിൻ വെള്ളിയും അതേദൂരം തന്നെ താണ്ടിയ ക്രൊയേഷ്യയുടെ സാന്ദ്ര വെങ്കലവും നേടി. ഇവരിൽ മികച്ച രണ്ടാമത്തെ ദൂരം കുറിച്ചത് ആണ് ചൈനീസ് താരത്തിന് വെള്ളി നേടി നൽകിയത്. വനിതകളുടെ 800 മീറ്റർ ഓട്ടത്തിൽ 1 മിനിറ്റ് 56.72 സെക്കന്റിൽ ഓടിയെത്തിയ ബ്രിട്ടീഷ് താരം കീലി ഹോഡ്കിൻസൻ ആണ് സ്വർണം നേടിയത്. 22 കാരിയായ താരത്തിന്റെ ആദ്യ ഒളിമ്പിക് സ്വർണം ആണ് ഇത്. എത്യോപ്യൻ താരം സിഗെ ഡുഗ്മ വെള്ളി മെഡൽ നേടിയപ്പോൾ കെനിയയുടെ മേരി മോറായാണ് 800 മീറ്ററിൽ വെങ്കല മെഡൽ നേടിയത്.
ലോക ജേതാവും ഒളിമ്പിക് ജേതാവും അടക്കം സൂപ്പർ താരങ്ങൾ അണിനിരന്ന വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ ബിയാട്രിസ് ചെബറ്റ് സ്വർണം നേടി. തന്റെ ഒളിമ്പിക്സ് അരങ്ങേറ്റത്തിൽ 14 മിനിറ്റ് 28.56 സെക്കന്റിൽ ആണ് ബിയാട്രിസ് 5000 മീറ്റർ പൂർത്തിയാക്കിയത്. 5000 മീറ്ററിലെ മുൻ ലോക റെക്കോർഡ് ഉടമയായ കെനിയയുടെ തന്നെ ഫെയ്ത്ത് കിപയോങ് ആണ് ഈ ഇനത്തിൽ വെള്ളിമെഡൽ നേടിയത്. 1500 മീറ്ററിൽ 2 തവണ ഒളിമ്പിക് സ്വർണം നേടിയ താരം 5000 മീറ്ററിൽ ആദ്യമായി ആണ് ഒളിമ്പിക് മെഡൽ നേടുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ 5000, 10,000 മീറ്ററുകളിൽ സ്വർണം നേടിയ ഡച്ച് താരം സിഫാൻ ഹസൻ ഇത്തവണ 5000 മീറ്ററിൽ വെങ്കല മെഡൽ നേടി തൃപ്തിപ്പെടുക ആയിരുന്നു.