പാരീസ് ഒളിമ്പിക്സിൽ തന്നെക്കാൾ 16 വയസ്സ് കുറഞ്ഞ കാർലോസ് അൽകാരസിനെ തോൽപ്പിച്ചു നൊവാക് ജ്യോക്കോവിച് ഒളിമ്പിക് സ്വർണം എന്ന സ്വപ്നം പൂർത്തിയാക്കി. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെർബിയൻ താരം മത്സരത്തിൽ ജയം കണ്ടത്. ഇരു താരങ്ങളും അതുഗ്രൻ പോരാട്ടം കാണിച്ച മത്സരത്തിൽ ഇരു സെറ്റുകളും ടൈബ്രേക്കറിൽ ആണ് വിധി എഴുതിയത്. ഒളിമ്പിക്സ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായ 37 കാരനായ ജ്യോക്കോവിച്ചും ഏറ്റവും പ്രായം കുറഞ്ഞ താരമായ 21 കാരനായ അൽകാരസും അവിസ്മരണീയമായ പോരാട്ടം ആണ് സമ്മാനിച്ചത്. അവിശ്വസനീയം ആയ പോരാട്ടം ആണ് ആദ്യ സെറ്റിൽ ഇരു താരങ്ങളും നടത്തിയത്.
ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും സർവീസ് നിലനിർത്താൻ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാൻ ആയത്. അൽകാരസ് 5 ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചപ്പോൾ ജ്യോക്കോവിച് 8 ബ്രേക്ക് പോയിന്റുകൾ ആണ് രക്ഷിച്ചത്. തന്റെ സർവീസിൽ സെറ്റ് പോയിന്റ് രക്ഷിച്ച അൽകാരസ്, സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ മിനി ബ്രേക്ക് കണ്ടത്തിയ ശേഷം തുടർച്ചയായി പോയിന്റുകൾ നേടി ജ്യോക്കോവിച് 7-3 ടൈബ്രേക്കർ നേടി ആദ്യ സെറ്റ് സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ ജ്യോക്കോവിച് തന്റെ സർവീസ് ഗെയിം മെച്ചപ്പെടുത്തിയപ്പോൾ അൽകാരസ് വിയർത്തു.
തന്റെ അഞ്ചാം ഒളിമ്പിക്സിൽ സ്വർണം വിട്ടു കൊടുക്കില്ല എന്ന ഉറപ്പും ആയി പരിക്കും പ്രായവും മറികടന്നു ജ്യോക്കോവിച് കളിച്ചപ്പോൾ രണ്ടാം സെറ്റിലും ഇരു താരങ്ങളും സർവീസ് വിട്ടു കൊടുത്തില്ല. ഇടക്ക് അൽകാരസിന്റെ സർവീസിൽ വെല്ലുവിളി ഉയർത്താനും ജ്യോക്കോവിച്ചിനു ആയി. തുടർന്ന് രണ്ടാം സെറ്റിലും ടൈബ്രേക്കറിൽ തന്റെ മികവ് നിലനിർത്തിയ ജ്യോക്കോവിച് മിനി ബ്രേക്കുകൾ കണ്ടെത്തി 7-2 നു ടൈബ്രേക്കർ ജയിച്ചു ഒളിമ്പിക് സ്വർണം സ്വന്തം പേരിലാക്കി. ഒരു സെറ്റ് പോലും ടൂർണമെന്റിൽ കൈവിടാതെയാണ് ജ്യോക്കോവിച് ഒളിമ്പിക് സ്വർണം നേടുന്നത്. ടെന്നീസിൽ ഒളിമ്പിക് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതോടെ ജ്യോക്കോവിച് മാറി. 24 ഗ്രാന്റ് സ്ലാം കിരീടം നേടിയ ജ്യോക്കോവിച് സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ്, റാഫ നദാൽ, ആന്ദ്ര അഗാസി എന്നിവർക്ക് ശേഷം ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരവും ആയി. കണ്ണീരോടെയാണ് ജ്യോക്കോവിച് ജയം ആഘോഷിച്ചത്. വെള്ളിയിൽ തൃപ്തിപ്പെട്ടെങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച ടെന്നീസ് മത്സരം ആണ് സ്പാനിഷ് താരം അൽകാരസ് സമ്മാനിച്ചത്.