കൊറോണ വൈറസ് കാരണം ഒളിമ്പിക്സ് മത്സരങ്ങൾ നീട്ടി വക്കും, ഒഴിവാക്കും തുടങ്ങിയ അസത്യ പരാമർശങ്ങൾ നടത്തുന്നവർക്ക് എതിരെ രൂക്ഷ വിമർശനവുമായി ടോക്കിയോ ഒളിമ്പിക്‌സ് സി.ഇ. ഒ യോഷിറോ മോരി. കൊറോണ വൈറസിനെ സംബന്ധിച്ച് നിരവധി കള്ള പ്രചരണങ്ങൾ നടക്കുന്നത് ആയി പറഞ്ഞ അദ്ദേഹം ഗെയിംസ് നീട്ടിവക്കുന്നതിനെ പറ്റിയോ ഉപേക്ഷിക്കുന്നതിനെ പറ്റിയോ ഇത് വരെ ആലോചിച്ചു കൂടിയില്ലെന്നും വ്യക്തമാക്കി. ഒളിമ്പിക്‌സ് നടക്കാൻ ഇനി ഏതാണ്ട് 161 ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഇത് പോലുള്ള കള്ള പ്രചാരണങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാൻ ഭരണകൂടവുമായി സഹകരിച്ചു തങ്ങൾ ശ്രദ്ധേയോടെ ഒളിമ്പിക്‌സ് ഒരുക്കങ്ങൾ തുടരുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം തന്നെ ഏഷ്യയിൽ നിരവധി കായിക ഇനങ്ങൾ കൊറോണ ഭീതി മൂലം മാറ്റി വെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിരുന്നു. എന്നാൽ പൂർണസുരക്ഷക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തങ്ങൾ എടുക്കും എന്നാണ് ടോക്കിയോ മേയർ യൂരിക്കോ കോയിക്കെ ഉറപ്പ് നൽകിയത്. ഇതിനകം കൊറോണ മൂലം മരണങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിലും ജപ്പാനിൽ 28 പേർക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്, ഇവരിൽ 4 പേർ ഇപ്പോഴും ഗുരുതര അവസ്ഥയിലും ആണ്.
കൂടാതെ 174 യാത്രക്കാർ ഉള്ള ജപ്പാൻ ആഡംബര കപ്പലിൽ നിരവധി പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു, ഇവർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. കൊറോണ വൈറസ് ഭീക്ഷണി എന്ന് ഒഴിവാകും എന്ന കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ തന്നെ പലരും ഒളിമ്പിക്‌സ് നടത്തിപ്പിൽ ഇതിനകം ആശങ്കകൾ അറിയിക്കുന്നുണ്ട്. എന്നാൽ എല്ലാം നല്ല നിലയിൽ നടക്കും എന്ന പ്രതീക്ഷയിൽ ആണ് ജപ്പാൻ അധികൃതരും ഒളിമ്പിക് കമ്മിറ്റിയും. ചൈനയിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് മൂലം ഇതിനകം തന്നെ ഏതാണ്ട് 1400 മരണങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ഏതാണ്ട് 25 രാജ്യങ്ങളിൽ ആയി ഏതാണ്ട് 60,000 ആളുകളിൽ കൊറോണ വൈറസ് ബാധിച്ചു എന്നാണ് കണക്കുകൾ. കൊറോണ ഒളിമ്പിക്‌സിന്റെ ശോഭ കെടുത്തില്ല എന്ന് തന്നെ നമുക്ക് ഇപ്പോൾ പ്രതീക്ഷിക്കാം.