പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് റെക്കോർഡ് തകർത്തു സ്വർണ മെഡൽ നേടി ഉഗാണ്ടയുടെ ജോഷുവ ചെപ്റ്റെഗെ. ലോക ചാമ്പ്യൻ കൂടിയായ ചെപ്റ്റെഗെ അവസാന നിമിഷം നടത്തിയ കുതിപ്പിൽ ആണ് സ്വർണം സ്വന്തം പേരിലാക്കിയത്. 26 മിനിറ്റ് 43.14 സെക്കന്റ് സമയം കുറിച്ചാണ് താരം പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്.
റേസിൽ മിക്ക സമയവും മുന്നിട്ട് നിന്ന എത്യോപ്യൻ താരം ബെരിഹു അരഗാവിയാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്. അതേസമയം ടോക്കിയോ ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനം നേടിയ അമേരിക്കൻ താരം ഗ്രാന്റ് ഫിഷർ ആണ് വെങ്കലം നേടിയത്. 10,000 മീറ്ററിൽ തന്റെ സമഗ്രമായ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് പാരീസിൽ ചെപ്റ്റെഗെ ചെയ്തത്.