2020-21 വർഷത്തെ കേന്ദ്രസർക്കാർ ബഡ്ജറ്റിൽ കായികമേഖലക്ക് വലിയ നിരാശ. ടോക്കിയോ ഒളിമ്പിക്സ് ഈ വർഷം നടക്കാൻ ഇരിക്കെ കായികമേഖലക്ക് പ്രത്യേക ഊന്നൽ നിർമല സീതാരാമന്റെ ബഡ്ജറ്റിൽ പ്രതീക്ഷിച്ച കായികമേഖലക്ക് പക്ഷെ നിരാശ ആയിരുന്നു ഫലം. കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന രാജ്യത്തിൽ പല മേഖലകളിലും ഫണ്ട് വെട്ടിക്കുറച്ച സർക്കാർ കഴിഞ്ഞ വർഷത്തെക്കാൾ വെറും 50 കോടി മാത്രം ആണ് ഈ വർഷം നീക്കി വച്ചത്. കഴിഞ്ഞ വർഷം 2776.92 കോടി രൂപ കായികമേഖലക്ക് നീക്കി വച്ച സർക്കാർ ഈ വർഷം 2826.92 കോടിയാണ് കായികമേഖലക്ക് ആയി വകയിരുത്തിയത്. എന്നാൽ ഒളിമ്പിക്സ് നടക്കാൻ ഇരിക്കുന്ന വർഷത്തിൽ ഈ വർധന ഒന്നുമല്ല എന്നതാണ് വാസ്തവം.
കളിക്കാർക്ക് ആയുള്ള ബോണസുകൾ ഒക്കെ 111 കോടിയിൽ നിന്ന് 70 കൊടിയിലേക്ക് ആണ് സർക്കാർ കുറച്ചത്. അതേസമയം ദേശീയ കായിക ഫെഡറേഷനായി കഴിഞ്ഞ വർഷത്തെക്കാൾ 55 കോടി രൂപ കുറച്ച് ആണ് ബഡ്ജറ്റിൽ നീക്കി വച്ചത്. ഇന്ത്യൻ കായിക മേഖലയിലെ ഏറ്റവും നിർണായകമായ സായിക്കുള്ള ധനസഹായം ആവട്ടെ കഴിഞ്ഞ വർഷത്തെ 615 കോടിയിൽ നിന്ന് 500 കോടി ആയും കുറച്ചു. കായിക വികസനത്തിനായിട്ടുള്ള ധനസഹായം 77.15 കോടിയിൽ നിന്ന് 50 കോടി ആയും സർക്കാർ കുറച്ചു. അതേസമയം ഈ സർക്കാർ ഏറ്റവും വലിയ ആഘോഷമായി നടത്തുന്ന ഖേലോ ഇന്ത്യക്ക് ആയി 291.42 കോടിയാണ് മാറ്റി വച്ചത്. സ്‌കൂൾ തല, കോളേജ് തല വികസനം നല്ലത് ആണെങ്കിലും കായിക രംഗത്തെ ഏറ്റവും നിർണായകമായ ഒളിമ്പിക്‌സിന്റെ വർഷത്തിൽ കായികമേഖലക്ക് വലിയ പരിഗണന നൽകാത്ത ബഡ്ജറ്റ് വലിയ നിരാശയാണ് കായികലോകത്തിന് നൽകിയത്.