പാരീസ് ഒളിമ്പിക്സിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ താരം ലക്ഷ്യ സെനിനെ പ്രകീർത്തിച്ചു എതിരാളിയായ വിക്ടർ ആക്സൽസെൻ. താൻ സമീപകാലത്ത് കളിച്ച ഏറ്റവും കഠിനമായ മത്സരം ആയിരുന്നു ലക്ഷ്യ സെൻ തനിക്ക് നൽകിയത് എന്നു പറഞ്ഞ നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ഡാനിഷ് താരം ഇന്ത്യൻ താരത്തിന്റെ മികച്ച പ്രതിഭയാണ് ഉള്ളത് എന്നും പറഞ്ഞു.
നിലവിൽ 22 കാരനായ ലക്ഷ്യ സെൻ ആവും നാലു വർഷങ്ങൾക്ക് ശേഷം അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടാൻ കൂടുതൽ സാധ്യതയുള്ളത് എന്നും ആക്സൽസെൻ കൂട്ടിച്ചേർത്തു. മുൻ ജൂനിയർ ഒന്നാം നമ്പർ താരവും ബോയ്സ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ആയ ലക്ഷ്യ 2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. നാളെ നടക്കുന്ന ഒളിമ്പിക് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ മലേഷ്യൻ താരം ലീ ഷി ഹിയയെ ആണ് നേരിടുക. വെങ്കലം നേടാൻ ആയാൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമായി ലക്ഷ്യ സെൻ മാറും.