പാരീസ് ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ് ഗാർഫിയ. ഇതോടെ ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമായി അൽകാരസ്. 1904 ൽ 120 വർഷം മുമ്പ് റോബർട്ട് ലിറോയ് മാത്രമാണ് 21 കാരനായ സ്പാനിഷ് താരത്തിലും കുറഞ്ഞ പ്രായത്തിൽ ഒളിമ്പിക് ഫൈനലിൽ എത്തിയ താരം.
സെമിഫൈനലിൽ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് അക്ഷരാർത്ഥത്തിൽ അൽകാരസ് തകർക്കുക ആയിരുന്നു. ഇരു സെറ്റുകളിലും ആയി 2 ഗെയിം മാത്രമാണ് കനേഡിയൻ താരത്തിന് അൽകാരസ് നൽകിയത്. 6-1, 6-1 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം. തന്റെ ആദ്യ ഒളിമ്പിക് മെഡൽ ഉറപ്പിച്ച അൽകാരസ് ഫൈനലിൽ സ്വർണം തന്നെയാവും ലക്ഷ്യം വെക്കുക.