2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ് എന്ന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ വ്യാഴാഴ്ച ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് മോദി 2036 ഒളിമ്പിക്സിനെ കുറിച്ച് പറഞ്ഞത്. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിയ ഇന്ത്യൻ അത്‌ലറ്റുകളെ പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. പാരീസിൽ നടക്കുന്ന പാരാലിമ്പിക്‌സിനായി പുറപ്പെടുന്ന പാരാലിമ്പ്യൻമാർക്ക് പ്രധാനമന്ത്രി ആശംസകളും അറിയിച്ചു.
“ഇന്ന്, ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഉയർത്തിയ യുവാക്കളും നമുക്കൊപ്പം ഉണ്ട്. നമ്മുടെ എല്ലാ കായികതാരങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. അടുത്ത ദിവസങ്ങളിൽ പാരാലിമ്പിക്‌സിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വലിയൊരു സംഘം പാരീസിലേക്ക് പോകും. ഞങ്ങളുടെ എല്ലാ പാരാലിമ്പ്യൻമാർക്കും ഞാൻ ആശംസകൾ നേരുന്നു.” പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
“ജി20 ഉച്ചകോടി വലിയ തോതിൽ സംഘടിപ്പിക്കുന്ന ഇന്ത്യ വലിയ തോതിലുള്ള പരിപാടികൾ സംഘടിപ്പിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് തെളിയിച്ചു. 2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണ്. ഞങ്ങൾ അതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്.” മോദി പറഞ്ഞു.