പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിലെ അവസാന ദിനത്തിൽ രണ്ടു ലോക റെക്കോർഡുകൾ പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്റ്റെയിലിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടിയ ബോബി ഫിങ്ക് ആണ് ആദ്യം ലോക റെക്കോർഡ് കുറിച്ചത്. 14 മിനിറ്റ് 30.67 സെക്കന്റ് എന്ന ലോകറെക്കോർഡ് സമയം ആണ് ഫിങ്ക് കുറിച്ചത്. ഇറ്റലിയുടെ ഗ്രഗാറിയോ ഇതിൽ വെള്ളി മെഡൽ നേടിയപ്പോൾ അയർലൻഡ് താരം ഡാനിയേൽ വിഫൻ വെങ്കലവും നേടി. അതേസമയം കഴിഞ്ഞ 10 ഒളിമ്പിക്സുകളിലും അമേരിക്ക സ്വർണം നേടിയ പുരുഷന്മാരുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ചൈന സ്വർണം നേടി എല്ലാവരെയും ഞെട്ടിച്ചു. 3 മിനിറ്റ് 27.46 സെക്കന്റ് സമയം ആണ് ചൈന കുറിച്ചത്. അമേരിക്ക വെള്ളി മെഡലിൽ തൃപ്തിപ്പെട്ടപ്പോൾ ഫ്രാൻസ് ആണ് വെങ്കല മെഡൽ നേടിയത്.
വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ അമേരിക്കൻ ടീം ലോക റെക്കോർഡ് തിരുത്തി. 3 മിനിറ്റ് 49.63 സെക്കന്റ് എന്ന സമയം കുറിച്ച അമേരിക്കൻ ടീം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. ഓസ്‌ട്രേലിയ വെള്ളി മെഡൽ നേടിയപ്പോൾ ചൈന വെങ്കലവും നേടി. ഇന്ന് നടന്ന വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റെയിലിൽ 2.71 സെക്കന്റ് സമയം കുറിച്ച സ്വീഡന്റെ സാറാ സോസ്‌ട്രോം സ്വർണം നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ മെഗ് ഹാരിസ് വെള്ളിയും ചൈനയുടെ ചാങ് യുഫെയ് വെങ്കലവും നേടി. നീന്തൽ കുളത്തിൽ നിന്നു 7 സ്വർണവും 13 വെള്ളിയും 7 വെങ്കലവും നേടിയ അമേരിക്ക 27 മെഡലുകളും ആയി ഒന്നാം സ്ഥാനം നേടിയപ്പോൾ 7 സ്വർണവും 7 വെള്ളിയും 3 വെങ്കലവും ആയി 17 മെഡലുകൾ നേടിയ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് എത്തി. 4 സ്വർണം അടക്കം 7 മെഡലുകൾ നേടിയ ഫ്രാൻസും 3 സ്വർണം അടക്കം 8 മെഡലുകൾ നേടിയ കാനഡയും ഒരു ലോക റെക്കോർഡ് അടക്കം 2 സ്വർണം അടക്കം 11 മെഡലുകൾ നേടിയ ചൈനയും നീന്തൽ കുളത്തിൽ നേട്ടം ഉണ്ടാക്കി.