ജുറേലിനും ജൈസ്വാളിനും ഫിഫ്റ്റി, രാജസ്ഥാന് 210 റൺസ്

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി രാജസ്ഥാന്‍ റോയൽസ്. 75 റൺസ് നേടിയ ധ്രുവ് ജുറേലിനൊപ്പം യശസ്വി ജൈസ്വാളും 55 റൺസുമായി തിളങ്ങി. 31 റൺസ് നേടിയ വൈഭവ് സൂര്യവന്‍ഷി ആണ് മറ്റൊരു പ്രധാന സ്കോറര്‍.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 69 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ രാജസ്ഥാന്‍ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ വൈഭവ് സൂര്യവന്‍ഷിയെ പുറത്താക്കി റഷീദ് ഖാന്‍ രാജസ്ഥാന് ആദ്യ തിരിച്ചടി നൽകി. 18 പന്തിൽ 31 റൺസ് ആയിരുന്നു വൈഭവ് നേടിയത്. 70 റൺസാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

വൈഭവ് പുറത്തായ ശേഷം ജൈസ്വാളും ധ്രുവ് ജുറേലും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 56 റൺസ് നേടിയപ്പോള്‍ ജൈസ്വാള്‍ 32 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. 36 പന്തിൽ 55 റൺസ് നേടിയ ജൈസ്വാള്‍ ആണ് രണ്ടാം വിക്കറ്റിൽ വീഴുന്നത്.

ജൈസ്വാളിന് പകരം എത്തിയ റിയാന്‍ പരാഗ് വേഗത്തിൽ മടങ്ങിയതോടെ രാജസ്ഥാന്‍ 135/3 എന്ന നിലയിലേക്ക് വീണു. ഷിമ്രൺ ഹെറ്റ്മ്യര്‍ 8 പന്തിൽ 18 റൺസ് നേടിയപ്പോള്‍ ഡൊണോവന്‍ ഫെരൈര വേഗത്തിൽ പുറത്തായി.
അവസാന ഓവറിൽ 42 പന്തിൽ 75 റൺസ് നേടിയ ജുറേൽ പുറത്തായപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 210 റൺസിൽ അവസാനിച്ചു.