അരങ്ങേറ്റക്കാര്‍ക്ക് മുന്നിൽ പതറി രാജസ്ഥാന്‍, 2 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടം, 57 റൺസ് തോൽവി

ഐപിഎലില്‍ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ കനത്ത തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 216 റൺസ് നേടിയപ്പോള്‍ രാജസ്ഥാന്റെ തുടക്കം തന്നെ ദയനീയമായിരുന്നു. 2/4 എന്ന നിലയിലേക്കും 9/5 എന്ന നിലയിലേക്കും വീണ രാജസ്ഥാന്റെ സ്കോറിന് മാന്യത നൽകിയത് ആറാം വിക്കറ്റിൽ ഡൊണോവന്‍ ഫെരേര – രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. 19 ഓവറിൽ 159 റൺസിന് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയപ്പോള്‍ 57 റൺസിന്റെ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്.

2 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ടീമിന് 9 റൺസുള്ളപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. പ്രഫുൽ ഹിംഗേയുടെ തീപാറും ബൗളിംഗിൽ ഒരേ ഓവറിൽ 3 വിക്കറ്റ് ആണ് നഷ്ടമായത്. വൈഭവ് സൂര്യവന്‍ഷി, ധ്രുവ് ജുറേൽ, ലുവാന്‍-ഡ്രേ പ്രെട്ടോറിയസ് എന്നിവരെ പ്രഫുൽ പുറത്താക്കിയപ്പോള്‍ യശസ്വി ജൈസ്വാളിനെ സാക്കിബ് ഹുസൈന്‍ പുറത്താക്കി.
റിയാന്‍ പരാഗിനെ പുറത്താക്കി പ്രഫുൽ ഹിംഗേ തന്റെ വിക്കറ്റ് നേട്ടം നാലാക്കി മാറ്റി. ആറാം വിക്കറ്റിൽ ഡൊണോവന്‍ ഫെരൈര – രവീന്ദ്ര ജഡേജ കൂട്ടുകെട്ട് ഒത്തുകൂടിയപ്പോള്‍ 9/5 എന്ന നിലയിൽ നിന്ന് രാജസ്ഥാനെ മുന്നോട്ട് ഇവര്‍ നയിച്ചു. ടീം സ്കോര്‍ 13ാം ഓവറിൽ നൂറ് കടത്തിയ ഈ കൂട്ടുകെട്ട് അവസാന ആറോവറിലെ ലക്ഷ്യം 96 ആക്കി മാറ്റി.
72 പന്തിൽ 118 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ സാകിബ് ആണ് തകര്‍ത്തത്. 44 പന്തിൽ 69 റൺസ് നേടിയ ഡൊണോവന്‍ ഫെരേരയെയാണ് രാജസ്ഥാന് നഷ്ടമായത്. തൊട്ടടുത്ത ഓവറിൽ 32 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയെ രാജസ്ഥാന് നഷ്ടമായി.

ജോഫ്ര ആര്‍ച്ചറിനെയും രവി ബിഷ്ണോയിയെയും സാകിബ് ഹുസൈന്‍ പുറത്താക്കിയപ്പോള്‍ താരവും നാല് വിക്കറ്റ് നേടി. അവസാന ഓവറുകളിൽ 11 പന്തിൽ നിന്ന് 25 റൺസ് നേടി തുഷാര്‍ ദേശ്പാണ്ടേ രാജസ്ഥാനെ 159 റൺസിലേക്ക് എത്തിച്ചു. എഹ്സാന്‍ മലിംഗയാണ് തുഷാറിനെ പുറത്താക്കിയത്. 19 ഓവറിൽ രാജസ്ഥാന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തിൽ 50 പോലും ടീം കടക്കില്ലെന്നാണ് കരുതപ്പെട്ടത്.