അമ്പേ പരാജയമായി ചെന്നൈ ടോപ് ഓര്‍ഡര്‍, ആര്‍സിബിയ്ക്ക് 43 റൺസ് ജയം

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം തോൽവിയേറ്റ് വാങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ആര്‍സിബി നേടിയ 250 റൺസ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് 207 റൺസ് മാത്രമാണ് നേടാനായത്. 19.4 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ 25 പന്തിൽ 50 റൺസ് നേടിയ സര്‍ഫ്രാസ് ഖാന്‍ മാത്രമാണ് ടോപ് ഓര്‍ഡറിൽ പൊരുതി നിന്നത്. പിന്നീട് വാലറ്റത്തിൽ പ്രശാന്ത് വീറും ജാമി ഓവര്‍ട്ടണും അന്‍ഷുൽ കാംബോജും പൊരുതി നിന്നാണ് ചെന്നൈയുടെ തോൽവി ഭാരം 43 റൺസായി കുറച്ചത്.

സര്‍ഫ്രാസിനെ പുറത്താക്കിയ ക്രുണാൽ അതേ ഓവറിൽ കാര്‍ത്തിക് ശര്‍മ്മയെ പുറത്താക്കിയപ്പോള്‍ 18 റൺസ് നേടിയ ശിവം ദുബേയെ അഭിനന്ദന്‍ സിംഗ് മടക്കിയയ്ച്ചു. പ്രശാന്ത് വീറും ജാമി ഓവര്‍ട്ടണും ഏഴാം വിക്കറ്റിൽ 57 റൺസ് നേടി ചെന്നൈയുടെ തോൽവിഭാരം കുറയ്ക്കുവാന്‍ പരിശ്രമിച്ചു.

പ്രശാന്ത് വീര്‍ 29 പന്തിൽ 43 റൺസ് നേടിയപ്പോള്‍ ജാമി ഓവര്‍ട്ടൺ 16 പന്തിൽ നിന്ന് 37 റൺസാണ് നേടിയത്. അന്‍ഷുൽ കാംബോജ് 19 റൺസുമായി പുറത്താകാതെ നിന്നു. ആര്‍സിബിയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജേക്കബ് ഡഫി, അഭിനന്ദന്‍ സിംഗ്, ക്രുണാൽ പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.