Indian Premier LeagueCricketFeatured

മാ‍ര്‍ഷും ജോഷും റണ്ണടിച്ച് കൂട്ടി, ലക്നൗവിന് 220 റൺസ്

Mitchellmarsh

മിച്ചൽ മാര്‍ഷും ജോഷ് ഇംഗ്ലിസും രാജസ്ഥാന്‍ ബൗളിംഗിന് കനത്ത പ്രഹരം ഏല്പിച്ചപ്പോള്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായി ലക്നൗവിന്റെ പടുകൂറ്റന്‍ സ്കോര്‍. മിച്ചൽ മാര്‍ഷ് 96 റൺസും ജോഷ് ഇംഗ്ലിസ് 60 റൺസും നേടിയപ്പോള്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് 220 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ജോഷ് ഇംഗ്ലിസും മിച്ചൽ മാര്‍ഷും മികച്ച തുടക്കമാണ് ലക്നൗവിന് നൽകിയത്. ജോഷ് ഇംഗ്ലിസ് മിന്നും തുടക്കം നൽകിയപ്പോള്‍ അല്പം വൈകിയാണ് മിച്ചൽ മാര്‍ഷ് ആ ട്രാക്കിലേക്ക് എത്തുന്നത്. ഏറെ വൈകാതെ ഇരു താരങ്ങളും രാജസ്ഥാന്‍ ബൗളിംഗിനെ തല്ലിത്തകര്‍ത്തു. 6 ഓവര്‍ പിന്നിടുമ്പോള്‍ ലക്നൗ 83 റൺസാണ് നേടിയത്.

Joshinglis

ജോഷ് ഇംഗ്ലിസ് 23 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും അധികം വൈകാതെ പുറത്താകുകയായിരുന്നു. 29 പന്തിൽ 60 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ പുറത്താക്കി യഷ് രാജ് പുഞ്ചയാണ് രാജസ്ഥാന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ലക്നൗ 109 റൺസാണ് നേടി മികച്ച സ്കോറിലേക്ക് കുതിച്ചു.

Yashrajpunja

16 റൺസ് നേടിയ നിക്കോളസ് പൂരനെ പുറത്താക്കി യഷ് രാജ് പുഞ്ച മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. മാര്‍ഷ് – പൂരന്‍ കൂട്ടുകെട്ട് 24 പന്തിൽ നിന്ന് 42 റൺസാണ് നേടിയത്.

മൂന്നാം വിക്കറ്റിൽ മാര്‍ഷും ഋഷഭ് പന്തും മികവ് തുടര്‍ന്നപ്പോള്‍ 41 പന്തിൽ 64 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. മാര്‍ഷ് 57 പന്തിൽ 96 റൺസും ഋഷഭ് പന്ത് 23 പന്തിൽ 35 റൺസും നേടി. ഇരുവരും അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.