Indian Premier LeagueCricketFeatured

പൊരുതി വീണ് ആര്‍സിബി, 9 റൺസ് വിജയവുമായി ലക്നൗ

Princeyadavkohli

ഐപിഎലില്‍ അവസാന സ്ഥാനക്കാരായ ലക്നൗവിനോട് പരാജയം ഏറ്റുവാങ്ങി ആര്‍സിബി. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മിച്ചൽ മാര്‍ഷ് നേടിയ ശതകത്തിന്റെ ബലത്തിൽ 209 റൺസ് നേടിയപ്പോള്‍ ആര്‍സിബിയുടെ ലക്ഷ്യം 213 റൺസാക്കി പുനക്രമീകരിക്കുകയായിരുന്നു. എന്നാൽ ചേസിംഗിനിറങ്ങിയ ആര്‍സിബിയ്ക്ക് 203/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

ജേക്കബ് ബെത്തലിനെയും വിരാട് കോഹ്‍ലിയെയും നഷ്ടമായ ആര്‍സിബി 9/2 എന്ന നിലയിലായിരുന്നു. മൊഹമ്മദ് ഷമി ജേക്കബ് ബെത്തലിനെ പുറത്താക്കിയപ്പോള്‍ വിരാട് കോഹ്‍ലിയെ പൂജ്യത്തിന് പുറത്താക്കി പ്രിന്‍സ് യാദവ് തന്റെ ആദ്യ വിക്കറ്റ് നേടി. പിന്നീട് ദേവ്ദത്ത് പടിക്കലും രജത് പടിദാറുമാണ് ആര്‍സിബിയെ മുന്നോട്ട് നയിച്ചത്.

Patidarpadikkal

26 പന്തിൽ രജത് പടിദാര്‍ ഫിഫ്റ്റി നേടിയപ്പോള്‍ പത്തോവറിൽ ആര്‍സിബി 104 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ ദേവ്ദത്ത് പടിക്കലിനെ പ്രിന്‍സ് യാദവ് പുറത്താക്കി. പടിക്കലും പടിദാറും 53 പന്തിൽ നിന്ന് 95 റൺസാണ് നേടിയത്. അതേ ഓവറിൽ ജിതേഷ് ശര്‍മ്മയെയും പുറത്താക്കി പ്രിന്‍സ് യാദവ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി.

Princeyadav

31 പന്തിൽ 61 റൺസ് നേടിയ പടിദാറിനെയും ആര്‍സിബിയ്ക്ക് നഷ്ടമായതോടെ ടീം 112/5 എന്ന നിലയിലായി. ഒരു ഘട്ടത്തിൽ 104/2 എന്ന അതിശക്തമായ നിലയിൽ നിന്ന് 8 റൺസ് നേടുന്നതിനിടെയാണ് ആര്‍സിബിയ്ക്ക് 3 വിക്കറ്റ് നഷ്ടമായത്.

ടിം ഡേവിഡും ക്രുണാൽ പാണ്ഡ്യയും ആറാം വിക്കറ്റിൽ ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ അവസാന 5 ഓവറിൽ 80 റൺസായിരുന്നു ആര്‍സിബി നേടേണ്ടിയിരുന്നത്. മയാംഗ് യാദവിനെ ഒരു ഫോറിനും രണ്ട് സിക്സിനും പായിച്ച് ടിം ഡേവിഡ് 15ാം ഓവറിൽ കത്തിക്കയറിയപ്പോള്‍ ആര്‍സിബിയ്ക്ക് 17 റൺസാണ് ലഭിച്ചത്.

ഷഹ്ബാസ് അഹമ്മദിനെ അടുത്ത ഓവറിൽ ടിം ഡേവിഡ് സിക്സിന് പായിച്ചുവെങ്കിലും 17 പന്തിൽ 40 റൺസ് നേടിയ താരത്തെ അഹമ്മദ് പുറത്താക്കിയത് ആര്‍സിബിയ്ക്ക് വലിയ തിരിച്ചടിയായി. ആറാം വിക്കറ്റിൽ ടിം -ക്രുണാൽ കൂട്ടുകെട്ട് 46 റൺസാണ് നേടിയത്.

റൊമാരിയോ ഷെപ്പേര്‍ഡ് ഓവറിൽ നിന്ന് രണ്ട് ബൗണ്ടറി കൂടി നേടിയപ്പോള്‍ അവസാന മൂന്നോവറിൽ ബെംഗളൂരു 47 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ഷഹ്ബാസ് എറിഞ്ഞ ഓവറിലും 16 റൺസ് ആര്‍സിബി നേടി.

ഷമി 17ാം ഓവറിലെ ആദ്യ നാല് പന്തിൽ വെറും 2 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന രണ്ട് പന്തിൽ സിക്സറുമായി ക്രുണാൽ പാണ്ഡ്യ മത്സരത്തിലേക്ക് ആര്‍സിബിയെ തിരികെ കൊണ്ടുവന്നു. ഓവറിൽ നിന്ന് 14 റൺസ് വന്നപ്പോള്‍ അവസാന രണ്ടോവറിൽ 33 റൺസായിരുന്നു ആര്‍സിബിയുടെ ലക്ഷ്യം.

പ്രിന്‍സ് യാദവ് എറിഞ്ഞ 18ാം ഓവറിൽ ക്രുണാൽ ഒരു ബൗണ്ടറിയും റൊമാരിയോ ഷെപ്പേര്‍ഡ് ഒരു സിക്സും നേടിയപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 20 റൺസായി മാറി .ദിഗ്വേഷ് സിംഗ് രഥി എറിഞ്ഞ 19ാം ഓവറിൽ 10 റൺസ് മാത്രമേ ആര്‍സിബിയ്ക്ക് നേടാനായുള്ളു. ഇതോടെ 9 റൺസ് വിജയം ലക്നൗ നേടി.

ക്രുണാൽ പാണ്ഡ്യ 16 പന്തിൽ 28 റൺസും റൊമാരിയോ ഷെപ്പേര്‍ഡ് 15 പന്തിൽ 23 റൺസും നേടിയെങ്കിലും അവസാന കടമ്പ കടക്കുവാന്‍ ഈ കൂട്ടുകെട്ടിനായില്ല. ഏഴാം വിക്കറ്റിൽ 21 പന്തിൽ നിന്ന് 45 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

ലക്നൗവിന് വേണ്ടി പ്രിന്‍സ് യാദവ് 3 വിക്കറ്റും ഷഹ്ബാസ് അഹമ്മദ് 2 വിക്കറ്റും നേടി തിളങ്ങി.