Indian Premier LeagueCricketFeatured

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊൽക്കത്ത, മുംബൈയ്ക്കെതിരെ 4 വിക്കറ്റ് വിജയം

Manishpandey

ഐപിഎലില്‍ മികച്ച വിജയവുമായി തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 147 റൺസിന് പിടിച്ചുകെട്ടിയ ശേഷം 18.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത വിജയം കുറിച്ചത്.

ഫിന്‍ അലന്‍ വേഗത്തിൽ പുറത്തായ ശേഷം മനീഷ് പാണ്ടേ – അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 38 റൺസാണ് രണ്ടാം വിക്കറ്റിൽ കൊൽക്കത്തയ്ക്കായി നേടിയത്. കോര്‍ബിന്‍ ബോഷ് 21 റൺസ് നേടിയ രഹാനെയെ പുറത്താക്കി മുംബൈയ്ക്ക് രണ്ടാം വിക്കറ്റ് നൽകി.

തന്റെ തൊട്ടടുത്ത ഓവറിൽ കാമറൺ ഗ്രീനിനെയും കോര്‍ബിന്‍ ബോഷ് പുറത്താക്കി. ഇതോടെ കൊൽക്കത്ത 54/3 എന്ന നിലയിലേക്ക് വീണു.

Rovmanmanish

പിന്നീട് നാലാം വിക്കറ്റിൽ മനീഷ് പാണ്ടേയും റോവ്മന്‍ പവലും ചേര്‍ന്ന് കൊൽക്കത്തയെ മുന്നോട്ട് നയിക്കുകയായിരുന്നു. തന്റെ സ്കോര്‍ 14ൽ നിൽക്കുമ്പോള്‍ പവൽ നൽകിയ അവസരം മുംബൈ ഫീൽഡര്‍മാര്‍ ശ്രമം പോലും നടത്താതെ പോയതും മത്സരത്തിൽ കൊൽക്കത്തയ്ക്ക് തുണയായി.

47 പന്തിൽ 64 റൺസാണ് മനീഷും റോവ്മന്‍ പവലും നേടിയത്. ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 33 പന്തിൽ 45 റൺസ് നേടിയാണ് മനീഷ് തിരികെ മടങ്ങിയത്.

Rovman

അധികം വൈകാതെ 30 പന്തിൽ 40 റൺസ് നേടിയ റോവ്മന്‍ പവലിനെ കൊൽക്കത്തയ്ക്ക് നഷ്ടമായി. ഗസന്‍ഫാറിനാണ് വിക്കറ്റ്. മികച്ചൊരു ക്യാച്ചിലൂടെ കോര്‍ബിന്‍ ബോഷ് വീണ്ടും മത്സരത്തിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചു.

Corbinbosch

11 റൺസ് നേടിയ തേജസ്വി ദഹിയയെ കോര്‍ബിന്‍ ബോഷ് പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ കൊൽക്കത്ത വിജയത്തിന് 8 റൺസ് അകലെയായിരുന്നു. റിങ്കുവമായി ചേര്‍ന്ന് ദഹിയ 16 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്.

19ാം ഓവറിൽ ഒരു പന്ത് അവശേഷിക്കെ റിങ്കു ബൗണ്ടറി നേടി കൊൽക്കത്തയുടെ വിജയം സാധ്യമാക്കി. വിജയത്തോടെ കൊൽക്കത്ത ആറാം സ്ഥാനത്തേക്കുയര്‍ന്നു.