Indian Premier LeagueFeatured

തുടക്കത്തെ തകർച്ചയ്ക്ക് ശേഷം പഞ്ചാബ് കരകയറി

Resizedimage 2026 05 03 21 25 03 1

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026-ലെ 46-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ കുറഞ്ഞ സ്കോറിലൊതുക്കി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ. മുഹമ്മദ് സിറാജും ജേസൺ ഹോൾഡറും ചേർന്ന് പഞ്ചാബ് ബാറ്റിംഗ് നിരയെ തുടക്കത്തിലേ തകർക്കുകയായിരുന്നു.


രണ്ടാം ഓവറിൽ തന്നെ പ്രിയാൻഷ് ആര്യയെയും (2) കൂപ്പർ കോണലിയെയും (0) പുറത്താക്കി സിറാജ് പഞ്ചാബിനെ ഞെട്ടിച്ചു. വെറും രണ്ട് റൺസിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ പഞ്ചാബിനെ നായകൻ ശ്രേയസ് അയ്യരും (19) പ്രഭ്സിമ്രാൻ സിംഗും (15) ചേർന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും കാഗിസോ റബാഡ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് മധ്യനിരയിൽ ജേസൺ ഹോൾഡർ നടത്തിയ കടന്നാക്രമണത്തിൽ ശ്രേയസ് അയ്യർക്കും നേഹാൽ വധേരയ്ക്കും വിക്കറ്റുകൾ നഷ്ടമായി. നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹോൾഡറാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.


തകർച്ചയ്ക്കിടയിലും സൂര്യൻഷ് ഷെഡ്ലെ നടത്തിയ പോരാട്ടമാണ് പഞ്ചാബിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. വെറും 29 പന്തിൽ നിന്ന് 5 സിക്സറുകളും 3 ഫോറുകളുമടക്കം 57 റൺസ് ഷെഡ്ലെ വാരിക്കൂട്ടി. മാർക്കസ് സ്റ്റോയിനിസുമായി (40) ചേർന്ന് ആറാം വിക്കറ്റിൽ ഷെഡ്ലെ 79 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ മാർക്കോ യാൻസൻ (20) നടത്തിയ പ്രകടനമാണ് പഞ്ചാബ് സ്കോർ 160 കടത്തിയത്. ഗുജറാത്തിനായി ഹോൾഡർ നാല് വിക്കറ്റും റബാഡ രണ്ട് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.