സംസ്ഥാന ജൂനിയര്‍ ഹോക്കി; തിരുവനന്തപുരം, എറണാകുളം പാലക്കാട് കൊല്ലം ടീമുകള്‍ സെമിയില്‍

Newsroom

സെമി ഫൈനല്‍ നാളെ (ശനി) വൈകീട്ട്

കൊല്ലം: ഒമ്പതാമത് കേരള ഹോക്കി സംസ്ഥാന ജൂനിയര്‍ ആണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കൊല്ലം ടീമുകള്‍ സെമിയില്‍. നാളെ (ശനി) വൈകീട്ട് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ തിരുവനന്തപുരം എറണാകുളത്തെ നേരിടും. 4.00 മണിക്ക് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം ജില്ലയാണ് പാലക്കാട് ജില്ലയുടെ എതിരാളി.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ആലപ്പുഴയെ തകര്‍ത്തു. സെമിയിലേക്ക് യോഗ്യത നേടാനുള്ള നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റ കണ്ണൂര്‍ സെമി കാണാതെ പുറത്തായി. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച എറണാകുളം സെമിക്ക് യോഗ്യത നേടി.

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലപ്പുറത്തെ തകര്‍ത്ത് തിരുവനന്തപുരം ജില്ല സെമിക്ക് യോഗ്യത നേടി. തിരുവനന്തപുരത്തിന് വേണ്ടി ക്യാപ്റ്റന്‍ അഭി വിന്‍സെന്റ്, യാസീന്‍ മുഹമ്മദ്, കണ്ണന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ തൃശൂരിനെ തകര്‍ത്ത് കൊല്ലം സെമിയില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കൊല്ലത്തിന്റെ ജയം. കൊല്ലത്തിന് വേണ്ടി പ്രവീണ്‍,അസ്‌ലം എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ആദ്യ മത്സരത്തില്‍ തൃശൂര്‍ കോഴിക്കോടിനെ തോല്‍പ്പിച്ചിരുന്നു.
ഗ്രൂപ്പ് ഡിയില്‍ നിന്ന് പാലക്കാട് നേരത്തെ സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു.