കൊല്ലം: കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ പുരുഷ, വനിതാ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ ടീമിന് വിജയതുടക്കം. ആദ്യ മത്സരത്തില്‍ എന്നിനെതിരെ നാല് ഗോളുകള്‍ക്ക് ശക്തരായ കര്‍ണാടകയെയാണ് കേരളം പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഷാനിയ കെ.വി.യിലൂടെ കേരളം മൂന്നിലെത്തി. 15 ാം മിനുട്ടില്‍ അഭയ് ജോതിയിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിന്റെ 20 ാം മിനുട്ടില്‍ കര്‍ണാടക്ക ഗ്രീഷ്മ പൊന്നപ്പയിലൂടെ ഒരു ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 26 ാം മിനുട്ടില്‍ കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയിലൂടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. പിന്നീട് മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ അധിപത്യമാണ് കണ്ടത്. 47 ാം മിനുട്ടില്‍ ഷാനിയ രണ്ടാം ഗോള്‍ നേടി സ്‌കോര്‍ നാലാക്കി.
കേരളത്തിന്റെ അറ്റാക്കിംങ് താരം പിണപ്പൊതുള പരമേശ്വരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ നാളെ (ശനി) രാവിലെ 10.00 മണിക്ക് കേരളം തമിഴ്‌നാടിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് തമിഴ്‌നാട്.
വനിതകളുടെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ആന്ധ്രാപ്രദേശ് ഹോക്കി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തെലുങ്കാനയെ തോല്‍പ്പിച്ചു. ആന്ധ്രാപ്രദേശിന്റെ മധുരിമ പൂജാരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്‌നാട് ഹോക്കി ടീം പുതുച്ചേരി ഹോക്കിയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചു. തമിഴ്‌നാടിന്റെ ജോവിന ഡെഫ്‌നി എം.ജെയാണ് മത്സരത്തിലെ താരം