മലേഷ്യയിൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ മാരക തിരിച്ചുവരവ്. ഇന്ന് നെതർലന്റ്സിനെ നേരിട്ട ഇന്ത്യ തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ഇന്ത്യൻ ടീം സെമിഫൈനലിലേക്ക് മുന്നേറി. ആറാം മിനുട്ടിൽ ടിമോ ബോർസും 16ആം മിനുട്ടിൽ വാൻ ഡെർ ഹെഡനും നേടിയ ഗോളുകൾക്ക് ആണ് നെതർലന്റ്സ് 2-0ന് മുന്നിൽ എത്തിയത്.
34ആം മിനുട്ടിൽ ആദിത്യയും 35ആം മിനുട്ടിൽ അരിജീതും നേടിയ ഗോളുകൾ ഇന്ത്യയെ 2-2 എന്ന സമനിലയിലേക്ക് തിരികെയെത്തിച്ചു. പക്ഷെ 44ആം മിനുട്ടിൽ ഒലിവിയെരിലൂടെ വീണ്ടും നെതർലന്റ്സ് ലീഡ് എടുത്തു. തളരാതെ കളിച്ച ഇന്ത്യ 52ആം മിനുട്ടിൽ സൗരബിലൂടെ വീണ്ടും സമനില നേടി. സ്കോർ 3-3. കളി അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ബാക്കിയിരിക്കെ ഉദ്ദം സിംഗിലൂടെ ഇന്ത്യ വിജയ ഗോളും നേടി. സ്കോർ 4-3.