അക്ഷ്ദീപ് സിംഗിന്റെ ഹാട്രിക്കിന്റെ മികവില്‍ ഉസ്ബൈക്കിസ്ഥാനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പത്ത് ഗോളിന്റെ ഏകപക്ഷീയമായ വിജയം നേടി ഇന്ത്യന്‍ ഹോക്കി ടീം. FIH സീരീസ് ഫൈനല്‍സിന്റെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ഇന്ത്യ ഉസ്ബൈക്കിസ്ഥാനെ തറപറ്റിച്ചത്. ആദ്യ മത്സരത്തില്‍ റഷ്യയെ ഇന്ത്യ ഇതേ മാര്‍ജിനില്‍ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് പോളണ്ടിനെയും ഇന്ത്യ കീഴടക്കിയതിനു ശേഷം ഇന്നത്തെ വിജയം കൂടിയായതോടെ ഇന്ത്യ സെമിയില്‍ കടന്നു.
നാലാം മിനുട്ടില്‍ വരുണ്‍ കുമാറാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് അക്ഷ്ദീപ് സിംഗ് പതിനൊന്നാം മിനുട്ടിലും അമിത് രോഹിദാസ് 15ാം മിനുട്ടിലും നേടിയ ഗോളുകളുടെ ബലത്തില്‍ ഇന്ത്യ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്നു ഗോള്‍ ലീഡ് നേടി. തുടര്‍ന്ന് വരുണ്‍ കുമാറും അക്ഷ്ദീപും തന്റെ രണ്ടാം ഗോളും, നീലകണ്ഠ ശര്‍മ്മ, മന്‍ദീപ് എന്നിവര്‍ നേടിയ ഗോളിലൂടെ ഇന്ത്യ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഏഴ് ഗോളിന്റെ ലീഡ് നേടി.
രണ്ടാം പകുതിയില്‍ ഗുര്‍സാഹിബ്ജിത്തിന്റെ ഗോളിലൂടെ ഇന്ത്യ ലീഡ് ഉയര്‍ത്തിയപ്പോള്‍ അക്ഷ്ദീപ് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും മത്സരത്തിന്റെ അവസാന മിനുട്ടില്‍ മന്‍ദീപ് തന്റെ രണ്ടാം ഗോളും നേടി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.