ഇന്ത്യ ഒളിമ്പിക് യോഗ്യത പോരാട്ടത്തിൽ സെമി ഫൈനലിലേക്ക്. തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഇറ്റലിയെ 5-1 ന് തോൽപ്പിച്ചാണ് എഫ്‌ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ റൗണ്ടിൽ സെമി സ്ഥാനം ഉറപ്പിച്ചു. പൂൾ ബിയിൽ നിന്നുള്ള മറ്റൊരു ടീമായ യുഎസ്എയും സെമിയിലേക്ക് മുന്നേറി.
ഇന്ന് ഇന്ത്യക്ക് ആയി ആദ്യ മിനിറ്റിൽ തന്നെ സലിമ ടെറ്റെ പെനാൽറ്റി കോർണർ നേടി. അതിൽ നിന്ന് ഉദിതയിലൂടെ ഇന്ത്യ ലീഡ് എടുത്തു. മൂന്നാം പാദത്തിലാണ് ഇന്ത്യ രണ്ടാം ഗോൾ നേടിയത്. ദീപികയാണ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. മൂന്നാം ക്വാർട്ടർ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സലിമ ടെറ്റെയിലൂടെ ഇന്ത്യ മൂന്നാം ഗോൾ നേടി.
നാലാം ക്വാർട്ടറിൽ നവനീതും ഗോൾ നേടി.സ്കോർ 4-0ന് എത്തിച്ചു. രാജ്യാന്തര വേദിയിൽ നൂറാം മത്സരത്തിനിറങ്ങിയ ഉദിത പെനാൽറ്റി കോർണർ ഗോളാക്കി മാറ്റിയതോടെ 5-0 എന്നായി സ്കോർ. അവസാന നിമിഷം ആണ് ഇറ്റലി ഗോൾ നേടിയത്.
ജനുവരി 18 ന് നടക്കുന്ന സെമിയിൽ ഇന്ത്യ ജർമ്മനിയെ നേരിടും. ഇന്ത്യക്ക് ഫൈനലിലെത്താൻ കഴിഞ്ഞാൽ, ഒളിമ്പിക് യോഗ്യത ഉറപ്പാകും. ജർമ്മനിയോട് തോറ്റാൽ ഇന്ത്യക്ക് ലൂസേഴ്സ് ഫൈനൽ ജയിക്കേണ്ടി വരും.