സൗത്ത് സോണ്‍ ഹോക്കി; ഫൈനല്‍ ലക്ഷ്യമിട്ട് കേരള ടീം ഇന്ന് ഇറങ്ങും

Newsroom

കൊല്ലം: സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കേരള ടീം ഇന്ന് ഇറങ്ങും. രാവിലെ 10.00 മണിക്ക് നടക്കുന്ന വനിതകളുടെ മത്സരത്തില്‍ കേരളം ആന്ധ്രാപ്രദേശിനെ നേരിടും. നാല് മത്സരം പിന്നിട്ടപ്പോള്‍ തോല്‍വി അറിയാതെ 12 പോയിന്റുമായി വനിതകളുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ആന്ധ്രാപ്രദേശ്. സമനില ലക്ഷ്യമിട്ടായിരിക്കും ആന്ധ്രപ്രദേശിന്റെ ഇറക്കം. കേരളത്തിന് വിജയത്തിനൊപ്പം രാവിലെ 6.30 ന് നടക്കുന്ന തമിഴ്‌നാട് കര്‍ണാടക മത്സരവും അനിവാര്യമാണ്.

Picsart 24 07 25 00 41 22 628

നിലവില്‍ ഗ്രൂപ്പില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റാണ് കേരളത്തിനും തമിഴ്‌നാടിനും ഉള്ളത്. ഗോള്‍ ഡിഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് കേരളം ഗ്രൂപ്പില്‍ രണ്ടാമത്. രാവിലെ നടക്കുന്ന തമിഴ്‌നാട് കര്‍ണാടക മത്സരത്തില്‍ തമിഴ്‌നാട് ആറ് ഗോളില്‍ കൂടുതല്‍ കര്‍ണാടകയ്ക്ക് എതിരെ നേടാതിരിക്കുകയും കേരളം ആന്ധ്രാപ്രദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ കേരളത്തിന് ഫൈനലിലേക്ക് യോഗ്യത നേടാം. ഇല്ലെങ്കില്‍ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിലേക്ക് യോഗ്യത നേടും.

പുരുഷന്‍മാരുടെ മത്സരത്തില്‍ വൈകീട്ട് 3.15 ന് നടക്കുന്ന മത്സരത്തില്‍ കേരളം ഗ്രൂപ്പിലെ ദുര്‍ബലരായ തെലുങ്കാനയെ നേരിടും. കളിച്ച എല്ലാ മത്സരങ്ങളും തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് തെലുങ്കാന. പുരുഷ ടീം ഫൈനല്‍ യോഗ്യതയ്ക്ക് അരിക്കെയാണ്. ഒരു പോയിന്റ് സ്വന്തമാക്കിയാല്‍ ഫൈനലിന് യോഗ്യത നേടാം. പുരുഷന്‍മാരുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തിനുള്ള പോരാട്ടമാണ് നടക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. പുതുച്ചേരി കര്‍ണാടകയെയും തമിഴ്‌നാട് ആന്ധ്രാപ്രദേശിനെയും നേരിടും. മൂന്നാം നാലും സ്ഥാനത്തേക്കും മത്സരം നടക്കുന്നത് കൊണ്ട് രണ്ട് മത്സരങ്ങളും എല്ലാ ടീമുകള്‍ക്കും അനിവാര്യമാണ്
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരായിരിക്കും ഫൈനലിലേക്ക് യോഗ്യത നേടുക. മൂന്നും നാലും സ്ഥാനം ലഭിക്കുന്നവര്‍ മൂന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിലേക്ക് യോഗ്യത നേടും.