തങ്ങളുടെ നിലവിലെ സി.ഇ.ഒയും ടീം പ്രിൻസിപ്പലും ആയ ക്രിസ്റ്റിയൻ ഹോർണറിനെ പുറത്താക്കി ഫോർമുല 1 ടീം റെഡ് ബുൾ റേസിങ്. 2005 മുതൽ തങ്ങളുടെ ഭാഗമായ ഹോർണറിനെ 20 ത് വർഷത്തെ സേവനത്തിനു ശേഷമാണ് റെഡ് ബുൾ പുറത്താക്കുന്നത്. 2010 മുതൽ 2023 വരെയുള്ള കാലത്ത് റെഡ് ബുള്ളിനു നിർമാതാക്കളുടെ 6 ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ ആണ് ഹോർണർ നേടി നൽകിയത്.
ഈ കാലഘട്ടത്തിൽ സെബാസ്റ്റ്യൻ വെറ്റൽ, മാക്‌സ് വെർസ്റ്റാപ്പൻ എന്നിവരിലൂടെ 8 ഡ്രൈവർ ചാമ്പ്യൻഷിപ്പ് കിരീടവും റെഡ് ബുൾ നേടി. കഴിഞ്ഞ വർഷം ഹോർണറിന് എതിരെ ലൈംഗിക അതിക്രമ പരാതി ഉയർന്നെങ്കിലും ഇതിൽ നിന്നു ഹോർണർ നിരപരാധിയാണെന്നു തെളിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സീസണുകളിൽ നിന്നു വ്യത്യസ്തമായി റെഡ് ബുള്ളിന്റെ മോശം പ്രകടനങ്ങൾ ആണ് ഹോർണറിന് ജോലി നഷ്ടമാക്കിയത്. കാറുകൾക്ക് എതിരെ വെർസ്റ്റാപ്പൻ തന്റെ നിരാശ പലപ്പോഴും പ്രകടമാക്കിയിരുന്നു. മുൻ റെഡ് ബുൾ റേസിങ് ടീം പ്രിൻസിപ്പൽ ലോറന്റ് മെകിസ് താൽക്കാലികമായി ടീം സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.