ഫെരാരിക്ക് ശേഷം സെബാസ്റ്റ്യൻ വെറ്റൽ യുഗം അവസാനിക്കുമോ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർമുല വണ്ണിൽ ഒരുപാട് ഇതിഹാസ ഡ്രൈവർമാർ ഡ്രൈവ് ചെയ്തിട്ടുണ്ട്. പലരും പല കാലങ്ങളിൽ ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിക്കി ലൗഡ, ജെയിംസ് ഹണ്ട്, സെന്ന, ശുമാർക്കർ,അലോൺസോ മുതൽ ഇപ്പോൾ ഹാമിൾട്ടൻ വരെ എത്രയോ വലിയ വിജയങ്ങൾ നേടിയ മികച്ച ഡ്രൈവർമാർ. ചിലർ ഭാഗ്യവാന്മാർ ആയിരുന്നു, അവർക്ക് മികച്ച കാറും ടീമും ഒക്കെ ലഭിച്ചു, അവർ ലോകം കീഴടക്കി. മറ്റ് ചിലർ ആവട്ടെ മികച്ച ടീമിന്റെ അഭാവത്തിലും ജയങ്ങൾ കൊണ്ട് ലോകത്തെ ഞെട്ടിച്ചു. ശുമാർക്കറിനെയും ഫെരാരിയെയും വെല്ലുവിളിച്ച അലോൺസോ തന്നെ വലിയ ഉദാഹരണം. മെഴ്‌സിഡസ് തങ്ങളുടെ മുഴുവൻ ആധിപത്യവും പുലർത്തിയ അത്തരം 6 വർഷങ്ങൾ ആണ് 2014 നു ശേഷം ലോകം കണ്ടത്. ആ കാലത്ത് അവർക്ക് വെല്ലുവിളി എന്നു പറയാവുന്ന ഒരേഒരാൾ ഫെരാരിയുടെ വെറ്റൽ മാത്രം ആയിരുന്നു. അതിനു മുമ്പ് റെഡ് ബുള്ളിൽ തുടർച്ചയായി 4 വർഷം ലോക ചാമ്പ്യൻ ആയ ചരിത്രവും ജർമ്മൻ ഡ്രൈവർക്ക് ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.

വളരെ ചെറുപ്പത്തിൽ റേസിംഗിൽ എത്തിയ വെറ്റൽ റെഡ് ബുള്ളിന്റെ ജൂനിയർ ടീമിലൂടെ ആണ് വളർന്നത്. 2006 – 2007 ൽ ബി.എം.ഡബ്യു സോബറിലൂടെ ഫോർമുല വണ്ണിൽ തുടങ്ങിയ വെറ്റൽ 2007-2008 സീസണിൽ റെഡ് ബുള്ളിന്റെ ടോറോ റോസോ ടീമിൽ എത്തി. 2008 ൽ തന്റെ ആദ്യ പോഡിയം ഫിനിഷ് നേടിയ വെറ്റൽ ആ വർഷത്തെ ഇറ്റാലിയൻ ഗ്രാന്റ് പ്രീയിൽ തന്റെ ആദ്യ ജയം സ്വന്തമാക്കി. സമീപകാലത്ത് മാക്‌സ് വെർസ്റ്റാപ്പൻ തകർക്കും വരെ 21 വയസ്സിൽ പോഡിയം ഫിനിഷും ഗ്രാന്റ് പ്രീജയവും നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ ആയിരുന്നു വെറ്റൽ. 2003 ൽ ഫെർണാണ്ടോ അലോൺസോ സ്ഥാപിച്ച റെക്കോർഡ് ആയിരുന്നു വെറ്റൽ അന്ന് തകർത്തത്. 2009 തിൽ റെഡ് ബുള്ളിൽ എത്തിയ വെറ്റൽ പിന്നീട് തന്റെ ഏറ്റവും മികച്ച വർഷങ്ങൾ ആണ് ലോകത്തിനു കാണിച്ചത്. ടീമിൽ എത്തി ആദ്യ വർഷം തന്നെ ജെൻസൻ ബട്ടനു പിറകെ രണ്ടാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കാൻ വെറ്റലിന് ആയി. ഈ പ്രകടനം റെഡ് ബുള്ളിൽ പുതിയ കരാർ ലഭിക്കാൻ വെറ്റലിനെ സഹായിച്ചു.

2010 ൽ വെറ്റൽ റെഡ് ബുള്ളിന്റെ ചരിത്രത്തിലെ ആദ്യ ലോക ചാമ്പ്യൻഷിപ്പ് അവർക്ക് സമ്മാനിച്ചു. കൂടാതെ ലോക ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി ജർമ്മൻ ഡ്രൈവർ മാറി. സീസണിന്റെ തുടക്കത്തിൽ പിറകെ നിന്ന ശേഷം ആയിരുന്നു വെറ്റൽ ലോക കിരീടത്തിൽ ചുംബിച്ചത്. 2011 ൽ ഹാമിൾട്ടനെയും അലോൺസോയെയും കാഴ്ചക്കാരൻ ആക്കി വീണ്ടും ലോക ചാമ്പ്യൻപട്ടം വെറ്റൽ സ്വന്തമാക്കി. ഇത്തവണ റെക്കോർഡ് 15 പ്രാവശ്യം ആണ് ജർമ്മൻ ഡ്രൈവർ പോൾ പൊസിഷനിൽ എത്തിയത്. സീസണിൽ 19 റെസിൽ 11 ജയവും 17 പോഡിയം ഫിനിഷും നേടിയ വെറ്റൽ റെക്കോർഡ് നമ്പർ ആയ 392 പോയിന്റുകൾ ആണ് സീസണിൽ നേടിയത്. 2012 ൽ സാക്ഷാൽ ആർട്ടൻ സെന്നയെ മറികടന്ന് 3 തവണ ലോക ചാമ്പ്യൻ ആവുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ ആയി വെറ്റൽ തുടർച്ചയായ മൂന്നാം ലോക ചാമ്പ്യൻഷിപ്പ് കയ്യിലാക്കി. കൂടാതെ മാനുവൽ ഫാഞ്ചിയോക്കും മൈക്കിൾ ശുമാർക്കറിനും ശേഷം തുടർച്ചയായി മൂന്നാം ലോക ചാമ്പ്യൻഷിപ്പ് നേടുന്ന മൂന്നാമത്തെ മാത്രം താരം ആയി വെറ്റൽ മാറി. 2013 ൽ 14 ജയങ്ങൾ സീസണിൽ നേടിയ വെറ്റൽ തുടർച്ചയായി 9 റെസിലും ജയം കണ്ട് പുതിയ ഉയരങ്ങളിൽ എത്തി. തുടർച്ചയായ 9 റേസ് ജയം പുതിയ റെക്കോർഡ് ആയിരുന്നു. എന്നാൽ സീസണിൽ കാണികളിൽ നിന്ന് കൂവലുകൾ അടക്കം ഏറ്റുവാങ്ങിയ വെറ്റൽ സീസണിന്റെ അവസാനം റെഡ് ബുള്ളും ആയുള്ള കരാർ ഒരുകൊല്ലം നീട്ടി.

2014 ൽ തന്റെ കാർ നമ്പർ ഒന്നിൽ നിന്ന് അഞ്ചായി വെറ്റൽ മാറ്റി. കൂടാതെ അത് വരെ ടീമേറ്റ് ആയിരുന്ന മാർക്ക് വെബ്ബറിന്റെ വിരമിക്കലിനു ശേഷം ടോറോ റോസോയിൽ നിന്നു സ്ഥാനക്കയറ്റം ലഭിച്ച ഓസ്‌ട്രേലിയൻ ഡ്രൈവർ ഡാനിയേൽ റിക്കിയാർഡോ വെറ്റലിന്റെ പുതിയ ടീമേറ്റ് ആയി. കാറിന്റെ പ്രശ്നങ്ങളും ടെക്നിക്കൽ പ്രശ്നങ്ങളും വലച്ച സീസണിൽ വെറ്റലിന് ഒരൊറ്റ റേസിൽ പോലും ജയം കാണാൻ ആയില്ല. 1998 നു ശേഷം ഒരു ജയം പോലും ഇല്ലാതെ സീസൺ അവസാനിപ്പിക്കുന്ന നിലവിലെ ജേതാവ് ആയി വെറ്റൽ നാണക്കേട് ഏറ്റുവാങ്ങി. മുമ്പ്‌ തന്നെ ഫെരാരിയിൽ എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ച വെറ്റൽ 2015 ൽ റെഡ് ബുള്ളിൽ നിന്നു ഫെരാരിയുടെ ചുവപ്പിലേക്ക് മാറി. 2015 ൽ ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിൽ മൂന്നാം സ്ഥാനത്ത് എത്തിക്കൊണ്ട് തന്റെ ഫെരാരി അരങ്ങേറ്റവും മുകളിലേക്കുള്ള തിരിച്ചു വരവും വെറ്റൽ അറിയിച്ചു. തുടർന്ന് മലേഷ്യൻ ഗ്രാന്റ് പ്രീ ജയം കണ്ട വെറ്റൽ ഒരു വർഷത്തിന് ശേഷം ഗ്രാന്റ് പ്രീ ജയം കണ്ടു. കരിയറിലെ 40 ജയം ആയിരുന്നു വെറ്റലിന് ഇത്. ഇതോടെ സെന്നക്ക് ഒരൊറ്റ ജയത്തിനു പിറകിൽ ഫോർമുല വണ്ണിലെ ഏറ്റവും കൂടുതൽ ഗ്രാന്റ് പ്രീ ജയം നേടിയ ഡ്രൈവർ ആയി വെറ്റൽ മാറി. ജയത്തിനു ശേഷം തന്റെ എക്കാലത്തെയും ഹീറോ ആയ ഇതിഹാസ ഡ്രൈവർ മൈക്കിൾ ശുമാർക്കറിനെ വികാരീതനായി വെറ്റൽ സ്മരിച്ചത് ശ്രദ്ധേയമായിരുന്നു. സീസണിൽ സിംഗപ്പൂർ ഗ്രാന്റ് പ്രീയിൽ സെന്നയുടെ ഗ്രാന്റ് പ്രീ ജയങ്ങളുടെ റെക്കോർഡ് മറികടന്ന വെറ്റൽ മെഴ്‌സിഡസിനും ഹാമിൾട്ടനും കിരീടപോരാട്ടത്തിൽ വെല്ലുവിളി ഉയർത്തി. വെറ്റൽ അത്ഭുതം എന്നു വിളിച്ച ആ സീസണിൽ 3 ഗ്രാന്റ് പ്രീ ജയവും 13 പോഡിയം ഫിനിഷും നേടിയ വെറ്റൽ സീസൺ മൂന്നാമത് ആയി ആണ് അവസാനിപ്പിച്ചത്. ഈ പ്രകടനം വെറ്റലിന്റെ കാലം കഴിഞ്ഞില്ല എന്ന വ്യക്തമായ സൂചന ലോകത്തിനു നൽകി.

2016 ൽ ഒരു ജയം പോലും നേടാൻ ആവാതെ വെറ്റലിന്റെ സീസൺ കടുത്ത നിരാശയിൽ ആണ് അവസാനിച്ചത്. 7 പോഡിയം ഫിനിഷ് നേടിയ വെറ്റൽ സീസണിൽ നാലാം സ്ഥാനത്ത് ആയിരുന്നു അവസാനിപ്പിച്ചത്. 2017 ൽ 18 മാസങ്ങൾക്ക് ശേഷം ഗ്രാന്റ് പ്രീ ജയവും ആയാണ് വെറ്റൽ ഓസ്‌ട്രേലിയയിൽ തന്റെ സീസൺ തുടങ്ങുന്നത്. മികവ് തുടർന്ന വെറ്റൽ 2001 ൽ ശുമാർക്കറിന്റെ ജയത്തിനു ശേഷം മോണ്ട കാർലോയിൽ ഫെരാരിക്ക് ജയം സമ്മാനിച്ചു. തുടക്കത്തിൽ ഹാമിൾട്ടനു മുകളിൽ ലീഡ്‌ നേടിയ വെറ്റലിനും ഫെരാരിക്കും വലിയ നിരാശ നൽകി സിംഗപ്പൂരിൽ ഇരു ഫെരാരി ഡ്രൈവർമാരും ആദ്യ ലാപ്പിൽ തന്നെ അപകടത്തിൽ പിന്മാറേണ്ടി വന്നു. തുടർന്നും നിർഭാഗ്യവും കാറിന്റെ പ്രശ്നങ്ങളും വെറ്റലിനെ വേട്ടയാടിയപ്പോൾ കിരീടം വീണ്ടും ഹാമിൾട്ടനിലൂടെ മെഴ്‌സിഡസ് കിരീടം ഉയർത്തി. 2018 ൽ അഞ്ചാം ലോക കിരീടം തേടി ഹാമിൾട്ടനും വെറ്റലും നേർക്കുനേർ വന്നു. അഞ്ചാം ലോക കിരീടം നേടുന്ന മൂന്നാമത്തെ മാത്രം താരം ആവാൻ ഇരു ഡ്രൈവർമാരും അണിനിരന്നു. 12 തവണ വെറ്റൽ പോഡിയം ഫിനിഷ് ചെയ്ത സീസണിൽ മികച്ച പ്രകടനങ്ങൾക്ക് ഒപ്പം പല പ്രശ്നങ്ങളും വെറ്റലിനെ വേട്ടയാടി. ബ്രസീൽ ഗ്രാന്റ് പ്രീയിൽ വെറ്റലിന് പിഴശിക്ഷയും സീസണിൽ ലഭിച്ചു. ഹാമിൾട്ടൻ തന്റെ അഞ്ചാം കിരീടം ഉയർത്തിയപ്പോൾ വീണ്ടും നിരാശ തന്നെയായിരുന്നു വെറ്റലിന്.

2019 ൽ വെറ്റലിനെക്കാൾ ആളുകൾ ടീമേറ്റ് ആയ ചാൾസ് ലെക്ലെർക്കിന്‌ ആണ് മെഴ്‌സിഡസിന് വെല്ലുവിളി ആവാനുള്ള സാധ്യത കൽപ്പിച്ചത്. അത് പോലെ തന്നെ പലപ്പോഴും യുവ ഡ്രൈവറിന്റെ നിഴലിൽ ആയി വെറ്റൽ ഈ സീസണിൽ. നിരാശാജനകമായ സീസണിൽ കാനഡയിൽ റേസ് ജയം കണ്ടു എങ്കിലും 5 സെക്കന്റ് പെനാൽട്ടി ലഭിച്ച വെറ്റൽ ഹാമിൾട്ടനു പിറകിൽ രണ്ടാമത് ആയി. എന്നാൽ പെനാൽട്ടി അംഗീകരിക്കാൻ കൂട്ടാക്കാത്ത ഹാമിൾട്ടന്റെ കാറിന്റെ മുന്നിൽ നിന്ന് ഒന്നാമത് എന്ന ബോർഡ് എടുത്തു തന്റെ കാറിന്റെ മുന്നിൽ വച്ച വെറ്റൽ വിവാദങ്ങൾ സൃഷ്ടിച്ചു. സ്വന്തം നാട്ടിൽ ജർമ്മനിയിൽ അവസാന സ്ഥാനത്ത് നിന്നു തുടങ്ങി രണ്ടാമത് എത്തിയ വെറ്റൽ ആരാധകരെ ആവേശത്തിൽ ആക്കി. നിരവധി അപകടങ്ങൾ കണ്ട സിംഗപ്പൂരിൽ വെറ്റൽ സീസണിലെ തന്റെ ഏകജയം സ്വന്തമാക്കി. ലെക്ലെർക്കിനും പിറകിൽ അഞ്ചാമത് ആയി വെറ്റൽ ഈ സീസൺ അവസാനിപ്പിച്ചു. കൊറോണ വൈറസ് മൂലം റേസ് തുടങ്ങാൻ വൈകിയ വേളയിൽ തികച്ചും അപ്രതീക്ഷിതമായി ആണ് ഫെരാരി വെറ്റലും ആയി പിരിയുന്ന കാര്യം പ്രഖ്യാപിച്ചത്. ഈ തീരുമാനം 32 കാരൻ ആയ വെറ്റലിന്റെ ഫോർമുല വണ്ണിലെ കരിയറിന് അന്ത്യം കുറിക്കുമോ എന്ന ആശങ്ക ആരാധകർക്ക് ഉണ്ട്. എന്നാൽ ബേബി ശുമിയിൽ ഇനിയും ചെറുപ്പം ബാക്കിയുണ്ട് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. അതിനാൽ തന്നെ സ്വന്തം നാട്ടുകാർ ആയ മെഴ്‌സിഡസും ആയി ചിലപ്പോൾ വെറ്റൽ കരാറിൽ ഏർപ്പെട്ടേക്കും എന്ന വാർത്ത വെറുതെ എന്നാണ് എന്നു പലരും കരുതുന്നില്ല. അതോടൊപ്പം തന്നെ റെനാൾട്ടിൽ ഡാനിയേൽ റിക്കിയാർഡോക്ക് പകരക്കാരൻ ആവാനും വെറ്റലിന് സാധ്യത കാണുന്നുണ്ട്. ഇനിയുമൊരു തിരിച്ചു വരവിനുള്ള ബാല്യം വെറ്റലിന് ഉണ്ടാവും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.