സ്റ്റെറിയൻ ഗ്രാന്റ് പ്രീയിലും ജയം കണ്ടു മാക്‌സ് വെർസ്റ്റാപ്പൻ. സീസണിൽ തന്റെ നാലാം ജയം കുറിച്ച റെഡ് ബുൾ ഡ്രൈവർ റെഡ് ബുള്ളിന്റെ തുടർച്ചയായ നാലാം ജയം ആണ് സമ്മാനിച്ചത്. തന്റെ ആദ്യ ലോക കിരീടം ലക്ഷ്യം വക്കുന്ന ഡച്ചു ഡ്രൈവർ തന്റെ ലോക ചാമ്പ്യൻഷിപ്പിലെ മുൻതൂക്കം മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനെക്കാൾ 18 പോയിന്റ് ആയി ഉയർത്തി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഡച്ച് ഡ്രൈവർ റേസിൽ ഉടനീളം വലിയ വെല്ലുവിളി നേരിട്ടില്ല.
രണ്ടാം സ്ഥാനത്ത് എത്തിയ ഹാമിൾട്ടനും മെഴ്‌സിഡസിനും ജർമ്മനിയിൽ ഇത് വലിയ നിരാശയായി. മൂന്നാം സ്ഥാനത്ത് മെഴ്‌സിഡസിന്റെ വെറ്റാറി ബോട്ടാസ് എത്തിയപ്പോൾ നാലാം സ്ഥാനത്ത് റെഡ് ബുള്ളിന്റെ സെർജിയോ പെരസ് എത്തി. ഇതോടെ കാർ ഉടമകളുടെ പോരാട്ടത്തിൽ മെഴ്‌സിഡസിനു മേലുള്ള മുൻതൂക്കവും റെഡ് ബുൾ കൂട്ടി. ജർമ്മനിയിൽ കഴിഞ്ഞ സീസണിൽ രണ്ടു റേസിലും ജയം കണ്ട മെഴ്‌സിഡസിന് മേലുള്ള റെഡ് ബുള്ളിന്റെ പ്രതികാരം കൂടിയായി ഈ ജയം. ആറാം സ്ഥാനത്ത് ആണ് ഫെരാരിയുടെ കാർലോസ് സൈൻസ് റേസ് അവസാനിപ്പിച്ചത് എങ്കിൽ ഏഴാമത് ആയാണ് സഹ ഡ്രൈവർ ചാൾസ് ലെക്ലർക്ക് റേസ് അവസാനിപ്പിച്ചത്. എട്ടാം ലോക കിരീടം എന്ന ചരിത്രനേട്ടം ലക്ഷ്യം വക്കുന്ന ഹാമിൾട്ടനു വലിയ വെല്ലുവിളി ആവുകയാണ് മാക്‌സ് വെർസ്റ്റാപ്പൻ.