2022 ഫോർമുല 1 സീസണിന്റെ അവസാനത്തിൽ കനേഡിയൻ താരമായ നിക്കോളാസ് ലത്തീഫി ടീമിൽ നിന്ന് പുറത്തുപോകുമെന്ന് വില്യംസ് റേസിംഗ് പ്രഖ്യാപിച്ചു. അലക്സാണ്ടർ ആൽബണിന്റെ കരാർ വർഷത്തിന്റെ തുടക്കത്തിൽ നീട്ടിയതിന് ശേഷം 2022 ഫോർമുല 1 സീസണിനപ്പുറം ലത്തീഫിക്ക് വില്യംസിൽ തുടരാൻ സാധ്യതയില്ലെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. 50-ലധികം ഗ്രാൻഡ് പ്രികളിൽ മത്സരിച്ച ലത്തീഫി , ഇതുവരെ ആകെ ഏഴ് പോയിന്റുകളാണ് തന്റെ 3 വർഷത്തെ കാലയളവിൽ നേടിയിട്ടുള്ളത്. ഈ വർഷം ടീമിനു വേണ്ടി ഒരു പോയിന്റുപോലും നേടാൻ ലത്തീഫിക്ക് കഴിഞ്ഞിട്ടുമില്ല.
“കഴിഞ്ഞ മൂന്ന് വർഷമായി വില്യംസ് റേസിംഗിലെ എല്ലാവർക്കും – ഫാക്ടറിയിലെ എല്ലാ ആളുകളോടും ട്രാക്ക്സൈഡിൽ ജോലി ചെയ്യുന്നവരോടും – നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു. കഴിഞ്ഞ വർഷം ഹംഗറിയിൽ ആദ്യ പോയിന്റുകൾ നേടിയത് എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷമായിരുന്നു, ഈ ടീമിനൊപ്പമുള്ള കാലയളിവിലെ ഓർമ്മകളുമായി ഞാൻ എന്റെ കരിയറിന്റെ അടുത്ത അധ്യായത്തിലേക്ക് കടക്കും. സീസണിന്റെ അവസാനം വരെ ഞങ്ങൾ എല്ലാ ശ്രമങ്ങളും തുടർന്നുകൊണ്ടേ ഇരിക്കും.” എന്ന് ലത്തീഫി പറഞ്ഞു.
മക്‌ലാരൻ വിടുന്ന ഡാനിയൽ റിക്കിയാർഡോയ്‌ക്കൊപ്പം നിക്ക് ഡി വ്രീസ്, ലോഗൻ സാർജന്റ്, മിക്ക് ഷൂമാക്കർ എന്നിവരുടെ പേരുകളാണ് അടുത്ത വർഷം വില്യംസിൽ ലത്തീഫിക്ക് പകരം മത്സരിക്കാൻ സാധ്യത ഉള്ളവരുടെ പട്ടികയിലുള്ളത്. പകരക്കാരന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും.