റയലിന്റെ കഷ്ടകാലം മാറ്റാൻ സിനദിൻ സിദാൻ മടങ്ങി എത്തിയത് സ്പെയിനിൽ ആണെങ്കിലും ആശങ്ക ഇംഗ്ലണ്ടിലെ ചെൽസിയിൽ. സിദാന്റെ മടങ്ങി വരവ് ഈഡൻ ഹസാർഡിന്റെ റയൽ മാഡ്രിഡ് നീക്കത്തിന് ആക്കം കൂട്ടുമെന്നാണ് ലണ്ടൻ ക്ലബ്ബിന്റെ ആരാധകരുടെ ഭയം.
ചെൽസിയുമായി കേവലം ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള ഹസാർഡ് ഇതുവരെ കരാർ പുതുക്കുന്ന കാര്യത്തിൽ അനുകൂല നിലപാട് എടുത്തിട്ടില്ല. സിദാനെ ഏറെ ഇഷ്ടപ്പെടുന്ന ഹസാർഡ് അക്കാര്യം പലപ്പോഴും പരസ്യമായി തന്നെ പറഞ്ഞതാണ്. റയൽ മാഡ്രിഡിന് വേണ്ടി കളിക്കുക എന്ന തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹവും ഹസാർഡ് വിവിധ അഭിമുഖങ്ങളിലായി പറഞ്ഞതുമാണ്. പക്ഷെ കഴിഞ്ഞ സീസണിലെ അവസാനത്തിൽ സിദാൻ റയൽ മാഡ്രിഡിനോട് വിട പറഞ്ഞതോടെ ഹസാർഡ് ഇനി റയലിലേക്ക് പോകാൻ സാധ്യതയില്ല എന്ന ചെൽസി ആരാധകരുടെ കണക്ക് കൂട്ടലുകളാണ് പിഴച്ചത്. തിരികെ എത്തുന്ന സിദാന് തന്റെ ഇഷ്ട്ട താരങ്ങളെ സ്വന്തമാക്കാനുള്ള പണം നൽകും എന്ന ഉറപ്പ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഹസാർഡിന് പുറമെ സിദാൻ എൻഗോളോ കാന്റെയേയും സ്വന്തമാക്കാൻ സാധ്യതയുണ്ട് എന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചെൽസിയുമായി ഈ സീസണിൽ കരാർ പുതുക്കിയ താരം പക്ഷെ ചെൽസി ട്രാൻസ്ഫർ ബാൻ നേരിടുന്ന സാഹചര്യത്തിൽ ചെൽസി വിടുമോ എന്നുറപ്പില്ല. ഭീമൻ തുക നൽകാതെ ഏതായാലും ചെൽസി ഫ്രഞ്ച് താരത്തെ വിട്ട് നൽകുന്നതിനെ കുറിച്ച് ആലോചിക്കാൻ ഇടയില്ല.