കൊച്ചി: ജനുവരി 16, 2021: അടുത്തിടെ പുനരാരംഭിച്ച ക്ലബ്ബിന്റെ ഗ്രാസ് റൂട്ട് ഡവലപ്‌മെന്റ് പ്രോഗ്രാമായ യങ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോര്‍ട്ഹുഡ് അക്കാദമിയിലൂടെ, എഫ്‌സി ഇംഫാല്‍ സിറ്റിയുമായി കൈകോര്‍ക്കുന്നതായി അഭിമാനപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കേരളത്തിന് പുറത്തുള്ള അക്കാദമികളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, യുവപ്രതിഭകള്‍ക്കായി ക്ലബ്ബിന്റെ ഗുണിനിലവാരമുള്ള പാഠ്യപദ്ധതി വിപുലീകരിക്കാനും രാജ്യത്തുടനീളം ബ്ലാസ്‌റ്റേഴ്‌സ് ബ്രാന്‍ഡ് ഫുട്‌ബോള്‍ കെട്ടിപ്പടുക്കാനുമാണ് കെബിഎഫ്‌സി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്യുന്നതില്‍ പ്രശസ്തരായ മണിപ്പൂരില്‍ നിന്നുള്ള എഫ്‌സി ഇംഫാല്‍ സിറ്റി അക്കാദമിയുമായുള്ള യോജിച്ച പ്രവര്‍ത്തനം ഈ കാഴ്ച്ചപ്പാടിലേക്കുള്ള ആദ്യപടിയാണ്.
കായിക വിനോദത്തേക്കാള്‍ ഫുട്‌ബോളിനെ ഒരു സംസ്‌കാരമായി കാണുന്ന സംസ്ഥാനമാണ് മണിപ്പൂരെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. രാജ്യത്തുടനീളം കളിക്കുന്ന ശ്രദ്ധേയരായ നിരവധി താരങ്ങളുടെ സ്വദേശമാണിത്, അവരില്‍ കുറച്ചുപേര്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിവുള്ള യുവതാരങ്ങള്‍ക്ക് ചിട്ടയാര്‍ന്ന പരിശീലനം, മുന്‍കൂട്ടി തയാറാക്കിയ പാഠ്യപദ്ധതി, കൃത്യമായ മേല്‍നോട്ടം, നിലവാരമുള്ള ഫുട്‌ബോള്‍ വിദ്യാഭ്യാസം എന്നിവ കൊണ്ടുവരാനും അതുവഴി അവരുടെ അഭിനിവേശത്തില്‍ നിന്ന് ഒരു പ്രൊഫെഷന്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുന്ന പാതയിലേക്ക് നയിക്കാനും ഈ സഹകരണത്തിലൂടെ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-മുഹമ്മദ് റഫീഖ് പറഞ്ഞു.
2017ല്‍ ടുസ്റ്റാര്‍ പദവിയോടെ സ്ഥാപിതമായ എഫ്‌സി ഇംഫാല്‍ സിറ്റി, മണിപ്പൂരില്‍ നിന്ന് ഹീറോ ഇന്ത്യന്‍ യൂത്ത് ലീഗില്‍ കളിക്കുന്ന ആദ്യത്തെ അക്കാദമിയായി. ഇക്കാരണത്താല്‍ സംസ്ഥാനത്ത് വലിയ ആദരവാണ് അക്കാദമിക്കുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തം, എഫ്‌സി ഇംഫാല്‍ സിറ്റിയിലെ എല്ലാവര്‍ക്കും അഭിമാനത്തിന്റെയും ആവേശത്തിന്റെയും നിമിഷമാണെന്ന് എഫ്‌സി ഇംഫാല്‍ സിറ്റി ഉടമ മിലന്‍ കൊയ്ജം പറഞ്ഞു. മണിപ്പൂര്‍ പോലെ ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ ഒരു സംസ്ഥാനത്ത് നിന്നുള്ളവരെന്ന നിലയില്‍, കായികരംഗത്തോടുള്ള നമ്മുടെ അതേ അഭിനിവേശവും പ്രതിബദ്ധതയും ക്ലബ് പരസ്പരബന്ധിതമാക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അതിനാല്‍, ഈ മേഖലയില്‍ ലക്ഷ്യത്തോടെ മുന്നേറുന്ന എല്ലാ ഫുട്‌ബോള്‍ താരങ്ങള്‍ക്കും, പ്രോഗ്രാമിലൂടെ അവരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള മികച്ച അവസരമാണ് ഈ പങ്കാളിത്തം. ഒത്തൊരുമിച്ച്, ഭാവിയിലെ ചില ഇന്ത്യന്‍ താരങ്ങളുടെ ആവിര്‍ഭാവം ഇവിടെ നിന്നുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-മിലന്‍ കൊയ്ജം കൂട്ടിച്ചേര്‍ത്തു.