ബാഴ്‌സലോണ ഇതിഹാസം സാവി സജീവ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ഈ സീസണിന്റെ അവസാനത്തോടെ കളി നിർത്തുമെന്നാണ് 39കാരനായ സാവി പ്രഖ്യാപിച്ചത്. കളി നിർത്തിയതിന് ശേഷം പരിശീലക രംഗത്തേക്ക് തിരിയാനാണ് താരത്തിന്റെ തീരുമാനം. ഖത്തർ ക്ലബ് അൽ സാദ് ക്ലബ്ബിന്റെ താരമാണ് സാവി ഇപ്പോൾ. ഈ സീസണിൽ അൽ സാദിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച സാവി 5 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
2015ലാണ് സാവി ബാഴ്‌സലോണ വിട്ട് ഖത്തർ ക്ലബ് അൽ സാദിൽ എത്തിയത്. 769 തവണ ബാഴ്‌സലോണ ജേഴ്സിയിൽ കളിച്ച സാവി 8 ലാ ലീഗ കിരീടവും നാല് ചാമ്പ്യൻസ് ലീഗ് കിരീടവും മൂന്ന് കോപ്പ ഡെൽ റേ കിരീടവും നേടിയിട്ടുണ്ട്. സ്പെയിനിനു വേണ്ടി കളിച്ച സാവി ഒരു ലോകകപ്പും രണ്ടു യൂറോ കപ്പും നേടിയിട്ടുണ്ട്. ബാഴ്‌സലോണക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച റെക്കോർഡും സാവി പേരിലാണ്. ബാഴ്‌സലോണക്ക് വേണ്ടി 85 ഗോളുകളും 182 അസിസ്റ്റുകളും സാവി സ്വന്തമാക്കിയിട്ടുണ്ട്.