ഖത്തർ ലോകകപ്പിൽ ചരിത്രം പിറക്കും. ചരിത്രത്തിൽ ആദ്യമായി ഒരു പുരുഷ ലോകകപ്പ് മത്സരം വനിത റഫറി നിയന്ത്രിക്കും. വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പ് ഇയിലെ അവസാന മത്സരം ആയ ജർമ്മനി, കോസ്റ്ററിക്ക മത്സരത്തിന് മുഖ്യ റഫറിയും സഹ റഫറിമാരും വനിതകൾ ആയിരിക്കും. ഫ്രഞ്ച് റഫറി ആയ സ്റ്റെഫനി ഫ്രാപാർട്ട് ആണ് ചരിത്രത്തിൽ ഇടം നേടുന്ന മുഖ്യ റഫറി. ഫ്രഞ്ച് ലീഗ് വൺ, പുരുഷ ചാമ്പ്യൻസ് ലീഗ്, പുരുഷ യൂറോ കപ്പ് എന്നിവ നിയന്ത്രിച്ച ആദ്യ വനിത റഫറി കൂടിയായ 38 കാരിയായ സ്റ്റെഫനി നിരവധി ലോകകപ്പ് യോഗ്യത മത്സരങ്ങളും നിയന്ത്രിച്ചിരുന്നു.
ഈ ലോകകപ്പിൽ പോളണ്ട്-മെക്സിക്കോ മത്സരത്തിൽ ഫോർത്ത് ഒഫീഷ്യൽ ആയും സ്റ്റെഫനി ചരിത്രം എഴുതിയിരുന്നു. 2019 ലെ വനിത ലോകകപ്പ് ഫൈനലും ഇവർ തന്നെ ആയിരുന്നു നിയന്ത്രിച്ചത്. സഹ റഫറിമാർ ആയി ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്, മെക്സിക്കൻ റഫറി കാരൻ ഡിയാസ് എന്നിവരും മത്സരം നിയന്ത്രിക്കും. ഇവരെ കൂടാതെ വീഡിയോ അസിസ്റ്റന്റ് റഫറിയായി അമേരിക്കയിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റും മത്സരത്തിന്റെ ഭാഗം ആവും.