ലോകകപ്പിൽ മെക്സിക്കോയെ നയിച്ച ഒസോരിയോ ഇനി പരാഗ്വേ പരിശീലകൻ

Newsroom

റഷ്യൻ ലോകകപ്പിൽ മെക്സിക്കോയെ നയിച്ച പരിശീലകൻ ജുവാൻ കാർലോസ് ഒസോരിയോ പരാഗ്വേയുടെ പരിശീലകനായി ചുമതലയേറ്റു. 2022ലെ ഖത്തർ ലോകകപ്പ് യോഗ്യത ലക്ഷ്യം വെച്ചാണ് ഒസോരൊയീയുടെ നിയമനം. ഈ കഴിഞ്ഞ ലോകകപ്പിൽ പരാഗ്വേയ്ക്ക് യോഗ്യത നേടാൻ ആയിരുന്നില്ല. നേരത്തെ മെക്സിക്കോ ഒസോരിയോക്ക് പുതിയ കരാർ വാഗ്ദാനം ചെയ്തു എങ്കിലും അദ്ദേഹം കരാർ നിരസിക്കുകയായിരുന്നു. ഈ കഴിഞ്ഞ ലോകകപ്പിൽ മെക്സിക്കോയെ പ്രീ ക്വാർട്ടർ വരെ നയിക്കാൻ ഒസോരിയോക്കായിരുന്നു. ബ്രസീലിനോട് പരാജയപ്പെട്ടാണ് മെക്സിക്കോ ലോകകപ്പിൽ പുറത്തായത്‌.

അവസാന മൂന്ന് വർഷമായി ഒസോരിയോ ആയിരുന്നു മെക്സിക്കോയുടെ പരിശീലകൻ. ഇതുവരെ 52 മത്സരങ്ങളിൽ മെക്സിക്കോയെ പരിശീലിപ്പിച്ച ഒസോരിയോ 33 മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിച്ചിരുന്നു. 57കാരനായ ഒസോരൊയോ മെക്സിക്കോ, ബ്രസീൽ, അമേരിക്ക, കൊളംബിയ എന്നിവിടങ്ങളിലെ പ്രമുഖ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.