ട്രമ്പിന്റെ വൈറ്റ് ഹൗസിനോട് F**k off പറഞ്ഞു അമേരിക്കൻ ഫുട്‌ബോൾ നായിക!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വനിത ഫുട്‌ബോൾ ലോകകപ്പ് നേടിയാൽ ക്ഷണം കിട്ടിയാലും അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ വൈറ്റ് ഹൗസിലേക്ക് താനില്ലെന്നു അമേരിക്കൻ വനിത ടീം നായകരിൽ ഒരാളായ മെഗൻ റെപിയോനെ. തങ്ങൾ ലോകകപ്പ് ജയിച്ചാലും വൈറ്റ് ഹൗസിലേക്ക് ട്രംപ് ക്ഷണിക്കുമെന്ന് കരുതുന്നില്ലെന്നും 2015 ലോകകപ്പ് നേടിയ ടീമിലെ താരം കൂടിയായ റെപിയോനെ കൂട്ടിച്ചേർത്തു. ആശയങ്ങൾ തന്നെയുള്ള വ്യത്യാസം തന്നെയാണ് തന്നെ ഈ നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത് എന്നും മെഗൻ വ്യക്തമാക്കി. വനിതാ വിഭാഗത്തിൽ നൂറ്റാണ്ടിന്റെ മത്സരം എന്നു പലരും വിശേഷിപ്പിക്കുന്ന ആതിഥേയരായ ഫ്രാൻസിനെതിരായ ഇന്നത്തെ ക്വാട്ടർ ഫൈനലിന് മുമ്പുള്ള പത്രസമ്മേളനത്തിലാണ് മെഗൻ ട്രമ്പിനെതിരെ ആഞ്ഞടിച്ചത്. മുമ്പ് 2015 ലോകകപ്പ് നേടിയപ്പോൾ ഒബാമയുടെ വൈറ്റ് ഹൗസിലെക്കുള്ള ക്ഷണം മെഗനും സംഘവും സ്വീകരിച്ചിരുന്നു. മുമ്പ് NFL സൂപ്പർ ബോൾ ചാമ്പ്യന്മാരായ ഫിലാഡൽഫിയ ഈഗ്ളസ്, NBA ചാമ്പ്യന്മാരായ ഗോൾഡൻ സ്റ്റേറ്റ് വാരിയേസ് എന്നിവരും ട്രമ്പിന്റെ വൈറ്റ് ഹൗസ് ക്ഷണം നിരസിച്ചിരുന്നു.

നിലവിൽ അമേരിക്കൻ ലീഗിൽ സിയാറ്റിൽ റെയ്ൻ നായികയായ മെഗൻ മുൻ ഒളിമ്പിക് ലിയോൺ താരം കൂടിയാണ്. അമേരിക്കക്കായി 2015 ലോകകപ്പും 2012 ൽ ഒളിമ്പിക് സ്വർണ്ണവും നേടിയ മെഗൻ 2012 ൽ ലോകകപ്പിൽ രണ്ടാമത്തെത്തിയ ടീമിലും അംഗമായിരുന്നു. എന്നും തന്റെ ലക്ഷണമൊത്ത ക്രോസുകളിലൂടെയും വിങ്ങിലെ വേഗമേറിയ നീക്കങ്ങളിലും ശ്രദ്ധിക്കപ്പെട്ട ഈ മധ്യനിര താരം എന്നും തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ അസാധാരണ ധൈര്യം പ്രകടിപ്പിച്ച താരമാണ്. താനൊരു സ്വവർഗനുരാഗിയാണെന്നു തുറന്നു പറഞ്ഞ ഈ 33 കാരി LGBT സമൂഹത്തിനായുള്ള സന്നദ്ധപ്രവർത്തനങ്ങളിലും അവർക്കായുള്ള അവകാശപോരാട്ടങ്ങളിലും എന്നും മുന്നിൽ തന്നെ നിന്ന താരമാണ്.

വനിതാ താരങ്ങൾക്കെതിരായ അമേരിക്കൻ സോക്കർ അസോസിയേഷന്റെ രണ്ടാം കിട സമീപനത്തിനെതിരെ ഇന്നും നിയമപോരാട്ടം നടത്തുന്ന മെഗൻ വനിത കായിക താരങ്ങൾക്കു തുല്യവേതനം നൽകണം എന്ന പോരാട്ടത്തിലെ മുൻനിര പോരാളി കൂടിയാണ്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് NFL താരം കോളിൻ കെപർണിക് അമേരിക്കൻ ദേശീയ ഗാനത്തിനിടെ മുട്ടുകുത്തി പ്രതിഷേദിച്ചപ്പോൾ അതിനു പിന്തുണമായെത്തിയ ആദ്യ വെളുത്ത വർഗ്ഗക്കാരായ താരങ്ങളിൽ ഒരാളും മെഗനായിരുന്നു. കോളിന് പിന്തുണച്ച് അമേരിക്കൻ ദേശീയ ഗാനത്തിനിടെ മുട്ടു കുത്തിയിരുന്ന മെഗൻ, 2015 ലോകകപ്പിൽ ഉടനീളം അമേരിക്കൻ ദേശീയഗാനം പാടുമ്പോൾ നിശബ്ദത പാലിച്ചു. കൂടാതെ എന്നും സാമൂഹിക വിഷയങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന മെഗൻ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്. മുമ്പ് പലപ്പോഴും വനിതകൾക്കും സ്വവർഗ്ഗരതിക്കാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ ട്രംപ് മെഗന്റെ ഈ നിലപാടിനെതിരെ പ്രതികരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.