ലീഗിൽ തുടർച്ചയായ ആറാം മത്സരവും ജയിച്ചു ആഴ്‌സണൽ, വെസ്റ്റ് ഹാമിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്തു

20211108 022321

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ ആഴ്‌സണലിന്റെ അപരാജിത കുതിപ്പ് തുടരുന്നു. തുടർച്ചയായ ആറാം മത്സരത്തിലും ജയം കണ്ട ആഴ്‌സണൽ ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിർത്തി. ലണ്ടൻ ഡാർബിയിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ആണ് ആഴ്‌സണൽ വനിതകൾ വെസ്റ്റ് ഹാമിനെ തകർത്തത്. ക്യാപ്റ്റൻ കിം ലിറ്റിൽ ആഴ്‌സണലിന് ആയി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ബെത് മെഡ് ആണ് ആഴ്‌സണലിന്റെ മറ്റെ ഗോൾ നേടിയത്. ഒരു സെൽഫ് ഗോൾ നേടി വെസ്റ്റ് ഹാമും ആഴ്‌സണലിനെ സഹായിച്ചു. ആഴ്‌സണലിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ 39 മത്തെ മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറക്കുന്നത്.

ബെത് മെഡിന്റെ പാസിൽ നിന്നു അതുഗ്രൻ ഗോളിലൂടെ കിം ലിറ്റിൽ ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കിം ലിറ്റിൽ ലീഗിൽ 50 ഗോളുകൾ നേടുന്ന നാലാമത്തെ മാത്രം താരവുമായി മാറി. മാർട്ടിസിന്റെ പാസിൽ നിന്നായിരുന്നു ലിറ്റിലിന്റെ ഗോൾ. ലീഗിലെ എക്കാലത്തെയും മികച്ച നാലാമത്തെ ഗോൾ വേട്ടക്കാരി കൂടിയാണ് നിലവിൽ ആഴ്‌സണൽ മധ്യനിര താരം. 62 മത്തെ മിനിറ്റിൽ പാരിസിന്റെ പാസിൽ നിന്നു തന്റെ ഗോൾ കണ്ടത്തിയ ബെത് മെഡ് ആഴ്‌സണൽ ജയം ഉറപ്പിച്ചു. 84 മത്തെ മിനിറ്റിൽ ഫിസ്ക് ആണ് സെൽഫ് ഗോൾ അടിച്ചതോടെ ആഴ്‌സണൽ വമ്പൻ ജയം നേടി. ജയത്തോടെ ലീഗിൽ 6 കളികളിൽ നിന്നു 18 പോയിന്റുകളുമായി ചെൽസിക്ക് മുകളിൽ ഒന്നാമത് ആണ് ആഴ്‌സണൽ. ഇത് വരെ 23 ഗോളുകൾ അടിച്ച ആഴ്‌സണൽ വെറും രണ്ടു ഗോളുകൾ മാത്രം ആണ് വഴങ്ങിയത്.

Previous articleലാസിയോയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി ഇമ്മബൈയിൽ, ജയവുമായി ലാസിയോ
Next articleമെക്‌സിക്കോയിലും വെർസ്റ്റാപ്പൻ, ലോക കിരീടത്തിലേക്ക് അടുത്തു ഡച്ച് ഡ്രൈവർ